ദില്ലി: കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലുള്ള ദില്ലി ബത്ര ആശുപത്രിയിലെ നഴ്സുമാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിച്ചു. നാളെ നഴ്സിംഗ് സംഘടനയുമായി അധികൃതർ ചർച്ച നടത്തും.

ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനം തടയാൻ നടപടികളില്ലെന്ന പരാതിക്കിടെയാണ് ദില്ലിയെ രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെ  മലയാളികൾ ഉൾപ്പടെയുള്ള നഴ്സുമാർ രംഗത്തെിയത്. ആദ്യ ഫലം നെഗറ്റീവാണെന്ന് കാരണം പറഞ്ഞാണ് ബാത്ര ആശുപത്രിയിൽ നീരിക്ഷണത്തിലുള്ള നഴ്സുമാരെ ജോലിക്ക്  തിരികെ വിളിച്ചത്. പലർക്കും രോഗം ലക്ഷണങ്ങൾ ഉണ്ടെന്നിരിക്കെ രണ്ടാമത്തെ പരിശോധനക്ക് സാമ്പിളുകൾ അയക്കുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. 

അതേസമയം, ദില്ലി മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗികളുമായി ഇടപഴകിയ മലയാളികൾ ഉൾപ്പടെയുള്ള ഇരുപത് ആരോഗ്യപ്രവർത്തകരെ നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിക്കുന്നു എന്നും പരാതിയുണ്ട്. നാല് മലയാളി നഴ്സുമാരാണ് ഈ കൂട്ടത്തിൽ ഉള്ളത്. സാമ്പിളുകൾ പരിശോധനക്ക് അയക്കാൻ ആശുപത്രി മാനേജ്നമെന്റ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുമില്ലെന്നും നഴ്സുമാര്‍ ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇന്ത്യൻ പ്രഫഷണൽ നഴ്സ് അസോസിയേഷൻ പരാതി അയച്ചു. 

കൊൽക്കത്തയിലെ നാരായണ ആശുപത്രിക്കെതിരെയും സമാനമായ പരാതിയുണ്ട്. സുരക്ഷാക്രമീകരണങ്ങൾ സ്വീകരിക്കാതെ രോഗിയുമായി സമ്പർക്കത്തിൽ വന്ന നഴ്സുമാരെ ഹോസ്റ്റലിലേക്ക് നീരീക്ഷണത്തിന് പറഞ്ഞയച്ചതോടെ ഇവിടെ ഒമ്പത് പേരാണ് രോഗികളായത്. ദില്ലി അംബേദ്ക്കർ ആശുപത്രിയിൽ രണ്ട് ഡോക്ടർമാർക്ക് കൂടി രോഗം സ്ഥീരികരിച്ചു.