ഭോപ്പാൽ: കൂറുമാറാൻ തനിക്ക് കോൺഗ്രസ് നേതാക്കൾ പണം വാഗ്‌ദാനം ചെയ്തെന്ന് മധ്യപ്രദേശ് നിയമസഭയിലെ ബിജെപി അംഗം സിതാറാം അദിവാസി. കോൺഗ്രസിന്റെ ജനകീയ നേതാവായ രാംനിവാസ് റാവത്തിനെ തോൽപ്പിച്ച് 2018 ൽ നിയമസഭയിലെത്തിയതാണ് ഇദ്ദേഹം.

കോൺഗ്രസിന്റെ ഓഫർ താൻ നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറാൻ കോൺഗ്രസ് നേതാക്കൾ തനിക്കിപ്പോഴും പണം വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. താനൊരു ബിജെപി പ്രവർത്തകനായി തന്നെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

പണം നൽകി തങ്ങളുടെ പ്രവർത്തകരെ കൂറുമാറ്റാനുള്ള കോൺഗ്രസിന്റെ ശ്രമം വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് രജ്‌നീഷ് അഗ്രവാൾ പറഞ്ഞു.

എന്നാൽ ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസിന്റെ മറുപടി.