ഭോപ്പാൽ: കഴിഞ്ഞ ഒരു മാസമായി കൊവിഡിനോട് പോരാടുകയായിരുന്ന യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് സ്വദേശിയായ ഡോ ശുഭം ഉപാധ്യായയുടെ ശ്വാസകോശത്തെ വൈറസ് ബാധിച്ചതാണ് മരണത്തിന് കാരണമായത്. 

ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമായിരുന്നു ജീവൻ നിലനിർത്തുവാനുള്ള ഒരേയൊരു പോംവഴി. എന്നാൽ നിവാർ കൊടുംകാറ്റ് കാരണം മധ്യപ്ര​ദേശിലുള്ള ഡോക്ടറെ അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇതോടെ ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സാധ്യതയും അടഞ്ഞു. 

ബുന്ധേൽഖന്ദ് മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ശുഭം. ഡോക്ടറുടെ ശ്വാസകോശത്തിന്റെ 90 ശതമാനവും വൈറസ് ബാധിച്ചിരുന്നു. കൊവിഡ് രോ​ഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ  ഒക്ടോബർ 28നാണ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 10 ഓടെ ഡോകടറുടെ നില ​ഗുരുതരമാകുകയായിരുന്നു.