ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് നിഷേധിക്കപ്പെട്ട എംഡിഎംകെ എംപി എ. ഗണേശമൂർത്തി ആശുപത്രിയിൽ. ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന. വെന്‍റിലേറ്ററിലുള്ള എംപിയുടെ നില ഗുരുതരമായി തുടരുകയാണ്. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ എ.ഗണേശമൂർത്തിയെ രാവിലെ 9.30ഓടെയാണ് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിത അളവിൽ ഉറക്ക ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന. ആരോഗ്യനില മോശമായതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ തവണ ഈറോഡ് മണ്ഡലത്തിൽ ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ച ഗണേശമൂർത്തി 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാൽ, ഇത്തവണ മകൻ ദുരൈക്ക് സുരക്ഷിത മണ്ഡലം നൽകാനായി വൈക്കോ ഡിഎംകെയിൽ നിന്ന് തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങി. എംഡിഎംകെയുടെ സീറ്റ് ഏറ്റെടുത്ത ഡിഎംകെ ഈറോഡിൽ ഉദയനിധി സ്റ്റാലിന്‍റെ വിശ്വസ്തൻ കെ.ഇ. പ്രകാശിനെ സ്ഥാനാർത്ഥിയുമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂർത്തി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. 1998ലെയും 2009ലെയും ലോക്സഭ തെരഞ്ഞെടുപ്പിലും ഗണേശമൂർത്തി വിജയിച്ചിട്ടുണ്ട്..ഡിഎംകെ മന്ത്രി എസ് മുത്തുസ്വാമി, ബിജെപി എംഎല്‍എ ഡോ. സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെവി രാമലിംഗം തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പ്രയോഗം; തമിഴ്നാട് മന്ത്രി അനിതാ രാധാകൃഷ്ണൻ വിവാദത്തിൽ, നടപടി വേണമെന്ന് ബിജെപി

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews