സിബിഐയുടെ ചോദ്യം ചെയ്യൽ തൽസമയം സംപ്രേക്ഷണം ചെയ്താൽ കേസ് എത്ര പൊള്ളയാണെന്ന് മനസിലാകുമെന്നും കാർത്തി ചിദംബരം പറഞ്ഞു.
ദില്ലി: തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകൻ കാർത്തി ചിദംബരം (Karti Chidambaram). സിബിഐയുടെ ചോദ്യം ചെയ്യൽ തൽസമയം സംപ്രേക്ഷണം ചെയ്താൽ കേസ് എത്ര പൊള്ളയാണെന്ന് മനസിലാകുമെന്നും കാർത്തി ചിദംബരം പറഞ്ഞു.
ചൈനീസ് പൗരന്മാർക്ക് വീസ നൽകുവാൻ അൻപത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് ചോദ്യം ചെയ്തിരുന്നു. രാവിലെ പത്ത് മണിയോടെ കാർത്തി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായി. കേസുമായി തനിക്ക് യതൊരു ബന്ധവുമില്ലെന്ന് കാർത്തി പ്രതികരിച്ചു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ മൂൻകൂർ ജാമ്യം കോടതി തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ കോടതി കാർത്തിക്ക് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, കേസില്‍ കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഇടക്കാല സംരക്ഷണം നൽകിയത്. മെയ് 30 വരെ ഇടക്കാല സംരക്ഷണം അനുവദിച്ചു.
2010 മുതൽ 2014 കാലയളവിൽ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിലാണ് സിബിഐ ഉന്നമിടുന്നത്. പഞ്ചാബിലെ മാനസയിലെ താപവൈദ്യുതി നിലയത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വീസ നൽകാനും നിലവിലുള്ളവർക്ക് വീസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കാർത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാർത്തിക്ക് നൽകിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വീസയും ലഭിച്ചു. ചെന്നൈയിലെ ഇടനിലക്കാരൻ വഴി മുംബൈ കമ്പനിയുടെ പേരിലാണ് ഇടപാട് നടന്നതെന്നാണ് സിബിഐ പറയുന്നത്. കേസിൽ കാർത്തിയുടെ വിശ്വസ്തൻ ഭാസ്ക്കർ രാമന്‍ അടക്കം അഞ്ച് പേർ പ്രതികളാണ്.
