Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള എംപി കേരളത്തില്‍; ഡീന്‍ കുര്യാക്കോസിന് 'ഹര്‍ത്താല്‍ കൊടുത്ത പണി'

രാജ്യത്ത് ക്രിമിനൽ കേസുളള എംപി മാരുടെ പാർട്ടിയിൽ ബിജെപിയാണ് മുന്നിൽ. 116 പുതിയ എംപിമാരാണ് ക്രിമിനല്‍ കേസുള്ളവര്‍. 29 എംപിമാരുമായി കോണ്‍ഗ്രസ് പട്ടികയില്‍ രണ്ടാമതുണ്ട്.   

MPs in new Lok Sabha have criminal records
Author
Kochi, First Published May 28, 2019, 12:50 PM IST


കൊച്ചി: പുതിയ ലോക്സഭാ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ള എംപി കേരളത്തില്‍. ഇടുക്കിയില്‍ നിന്ന് എംപിയായ കോണ്‍ഗ്രസിന്‍റെ ഡീൻ കുര്യാക്കോസിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളതെന്നാണ് റിപ്പോര്‍ട്ട്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് പ്രകാരം 204 ക്രിമിനൽ കേസുകളാണ് ഡീനിന്റ പേരിലുളളത്.

കാസർകോഡ് പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്തതിന്റെ പേരിൽ 193 കേസുകൾ ഡീനിന്റെ പേര് ചേർത്ത് രജിസ്റ്റർ ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഡീനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.  വീട് അതിക്രമിച്ചു കയറൽ, ഭീഷണി ഉൾപ്പെടെ ഗുരുതരമായ 37 കേസുകള്‍ ഡീനിന്‍റെ പേരിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
  
കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ ടി എൻ  പ്രതാപൻ, വികെ ശ്രീകണ്ഠൻ, കെ സുധാകരൻ എന്നിവരുടെ പേരിലും ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ട്.  രാജ്യത്ത് ക്രിമിനൽ കേസുളള എംപി മാരുടെ പാർട്ടിയിൽ ബിജെപിയാണ് മുന്നിൽ. 116 പുതിയ എംപിമാരാണ് ക്രിമിനല്‍ കേസുള്ളവര്‍. 29 എംപിമാരുമായി കോണ്‍ഗ്രസ് പട്ടികയില്‍ രണ്ടാമതുണ്ട്.   

ജെഡിയുവിന്റെ 13 ഉം ഡിഎംകെയുടെ 10 ഉം ടി എംസിയുടെ ഒമ്പതും എംപിമാരുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. ബലാത്സംഗം, കൊലപാതകം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയാണ് എംപിമാർക്കെതിരായ ക്രിമിനൽ കേസുകളിൽ 29 ശതമാനവും. കഴിഞ്ഞ ലോക്സഭയുമായി താരതമ്യപ്പെടുത്തുമ്പോൾ 26 ശതമാനം വർധനയാണ് ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios