ചോദ്യചേപ്പർ ചോർത്തി ജോലിക്ക് കയറിയ യുവതിയും കാമുകനും തമ്മിൽ ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് കാമുകൻ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അധികൃതർക്ക് വിവരം കൈമാറിയത്. ഇതോടെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അതേസമയം, കേസിലെ മുഖ്യപ്രതികളിലൊരാളും ചോർത്തികിട്ടിയ പരീക്ഷാ പേപ്പർ ഉപയോ​ഗിച്ച് ജോലി നേടുകയുംചെയ്ത റുതുജ പാട്ടീൽ ഇപ്പോഴും ഒളിവിലാണ്.

മുംബൈ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ(എം.പി.എസ്.സി) ഡ്ര​ഗ് ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം പുറത്തറിഞ്ഞത് യുവതിയും കാമുകനും തമ്മിൽ തെറ്റിപ്പിരിഞ്ഞതോടെ. ചോദ്യചേപ്പർ ചോർത്തി ജോലിക്ക് കയറിയ യുവതിയും കാമുകനും തമ്മിൽ ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് കാമുകൻ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് അധികൃതർക്ക് വിവരം കൈമാറിയത്. ഇതോടെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അതേസമയം, കേസിലെ മുഖ്യപ്രതികളിലൊരാളും ചോർത്തികിട്ടിയ പരീക്ഷാ പേപ്പർ ഉപയോ​ഗിച്ച് ജോലി നേടുകയുംചെയ്ത റുതുജ പാട്ടീൽ ഇപ്പോഴും ഒളിവിലാണ്.

​ഡ്ര​ഗ് ഇൻസ്പെക്ടർ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ റുതുജയുടെ കാമുകൻ ​ഗൗരവ് പാട്ടീൽ, റുതുജയുടെ പിതാവ് അമൃത് പാട്ടീൽ, കൗഡല്യ അക്കാദമി ഡയറക്ടർ പ്രവീൺ പാട്ടീൽ, എം.പി.എസ്.സി അസിസ്റ്റന്റ് സെൽ ഓഫീസർമാരായ വിശ്വേഷർ നകാഠെ, ​ഗോപാൽ മറാത്തെ, എം.പി.എസ്.സി അണ്ടർ സെക്രട്ടറി അഭിജിത് ലെണ്ഡവെ എന്നിവരടക്കം ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. അതിനിടെ, ചോദ്യപേപ്പർ ചോർത്തികിട്ടിയ റുതുജ പാട്ടീൽ ഇതേക്കുറിച്ച് സുഹൃത്തുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണം നടത്തുന്ന മുംബൈ ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തിട്ടുണ്ട്. താൻ പഠിച്ചിട്ടൊന്നുമല്ല ജോലി കിട്ടിയതെന്നും 50 ലക്ഷം രൂപയാണ് ജോലിക്കായി നൽകിയതെന്നും ആരോടും പറയരുതെന്നുമാണ് വാട്സാപ്പ് ചാറ്റിൽ റുതുജ സുഹൃത്തിനോട് പറയുന്നത്.

എങ്ങനെയാണ് ഇത്രയും കഠിനമായ പരീക്ഷ പാസായതെന്നാണ് സുഹൃത്ത് വാട്സാപ്പിൽ റുതുജയോട് ചോദിച്ചത്. എന്നാൽ, താൻ ഒന്നും പഠിച്ചില്ലെന്നായിരുന്നു ചിരിക്കുന്ന സ്മൈലിയോടെ ഇതിന് റുതുജ നൽകിയ മറുപടി. തുടർന്ന് സുഹൃത്ത് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് തനിക്ക് ചോദ്യപേപ്പർ നേരത്തേ കിട്ടിയെന്നും ആരോടും പറയരുതെന്നും റുതുജ വെളിപ്പെടുത്തിയത്. ​ഡ്ര​ഗ് ഇൻസ്പെക്ടർ പരീക്ഷയ്ക്കായി താൻ 50 ലക്ഷം രൂപ മുടക്കിയെന്നും റുതുജ പറഞ്ഞിരുന്നു. എന്നാൽ, എവിടെനിന്നാണ് ചോദ്യപേപ്പർ കിട്ടിയതെന്ന് സുഹൃത്ത് ആവർത്തിച്ച് ചോദിച്ചിട്ടും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ യുവതി തയ്യാറായില്ല.

കാമുകനോട് ചോദിച്ചത് 5 ലക്ഷം, ബന്ധം പിരിഞ്ഞതോടെ രഹസ്യം പുറത്ത്

റുതുജയ്ക്ക് ചോദ്യപേപ്പർ ചോർത്തിനൽകാൻ കാമുകനായ ​ഗൗരവ് പാട്ടീലും സഹായിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കാമുകി ഡ്ര​ഗ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെയാണ് ​ഗൗരവ് പാട്ടീൽ ഇതിനായി മുൻകൈയെടുത്തത്. ഇതിനിടെ, ചോദ്യപേപ്പർ കിട്ടാൻ പണം നൽകണമെന്നും ഇതിനായി അഞ്ചുലക്ഷം രൂപ നൽകണമെന്നും റുതുജ കാമുകനോട് ആവശ്യപ്പെട്ടു. എന്നാൽ, കാമുകൻ പണം നൽകാൻ വിസമ്മതിച്ചു. ഇതോടെ പിതാവ് അമൃത് പാട്ടീലാണ് റുതുജയ്ക്ക് വേണ്ട പണം സംഘടിപ്പിച്ച് നൽകിയത്. തുടർന്ന് ​ഗൗരവും റുതുജയും തമ്മിൽ പിരിഞ്ഞു. ഇതിനുപിന്നാലെയാണ് ​ഡ്ര​ഗ് ഇൻസ്പെക്ടർ പരീക്ഷയുടെ ചോജദ്യപേപ്പർ ചോർന്നതായി സംശയമുണ്ടെന്ന് ​ഗൗരവ് അധികൃതരെ അറിയിച്ചത്. തുടർന്ന് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

അതേസമയം, റുതുജയ്ക്ക് നേരത്തേ ലഭിച്ച ചോദ്യപേപ്പറിലെ 77 ചോദ്യങ്ങളും യഥാർഥ ചോദ്യപേപ്പറിൽ ആവർത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മിക്ക ചോദ്യങ്ങൾക്കും റുതുജ ശരിയായ ഉത്തരം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പത്ത് ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകി. എല്ലാ ഉത്തരങ്ങളും ശരിയായി രേഖപ്പെടുത്തിയാൽ സംശയം തോന്നുമെന്നതിനാൽ പത്ത് ഉത്തരങ്ങൾ തെറ്റിച്ചെഴുതാൻ റുതുജയ്ക്ക് നേരത്തേ നിർദേശം കിട്ടിയിരുന്നതായും അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

​ഡ്ര​ഗ് ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും ഒരാൾക്ക് മാത്രമാണ് ചോദ്യപേപ്പർ ചോർന്നുകിട്ടിയതെന്നുമാണ് എം.പി.എസ്.സിയുടെ കണ്ടെത്തൽ. എന്നാൽ, ക്രമക്കേട് ഉയർന്നതോടെ ​ഡ്ര​ഗ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് മുഴുവനും മരവിപ്പിച്ചിട്ടുണ്ട്. അതിനിടെ, ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ ആരും രക്ഷപ്പെടില്ലെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.