Asianet News MalayalamAsianet News Malayalam

നാലാമത് ടിഎൻജി പുരസ്‌കാരം എ പ്രദീപ് കുമാര്‍ എംഎൽഎയ്ക്ക് സമ്മാനിച്ചു

ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടിഎന്‍ ഗോപകുമാറിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് ടിഎന്‍ജി പുരസ്കാരം. ഇത് നാലാം തവണയാണ് പുരസ്കാരം സമ്മാനിക്കുന്നത്

MT Vasudevan nair handed over TNG memorial award to A pradeep kumar MLA
Author
Thiruvananthapuram, First Published Jan 30, 2020, 7:06 PM IST

കോഴിക്കോട്: നാലാമത് ടി.എൻ.ജി പുരസ്കാര സമര്‍പ്പണം ഇന്ന്. കോഴിക്കോട് കാരപ്പറമ്പ് ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ എംടി വാസുദേവൻ നായരാണ് പ്രദീപ് കുമാര്‍ എംഎൽഎയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. ടിഎൻജി അനുസ്മരണ ചടങ്ങ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടിഎന്‍ ഗോപകുമാറിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് ടിഎന്‍ജി പുരസ്കാരം. ഇത് നാലാം തവണയാണ് പുരസ്കാരം സമ്മാനിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് ഇക്കുറി പുരസ്കാരം സമ്മാനിച്ചത്.. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ 'പ്രിസം പദ്ധതി' ആവിഷ്കരിച്ച് നടപ്പാക്കിയതാണ് എ. പ്രദീപ് കുമാര്‍ എംഎല്‍എയെ അവാര്‍ഡിന് അ‍ര്‍ഹനാക്കിയത്.

രണ്ട് ലക്ഷം രൂപയും, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമാണ് പുരസ്കാരം. കേരളത്തിലെ 14 ജില്ലകളിലെയും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള മികച്ച വികസന മാതൃകകളില്‍ നിന്നാണ് പ്രിസം പദ്ധതിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. പുരസ്കാരദാന ചടങ്ങിനു ശേഷം മെഹ്ഫില്‍ ഇ സമയുടെ ഖവാലി സംഗീതവും അരങ്ങേറി.

Follow Us:
Download App:
  • android
  • ios