ഇന്ത്യ വിഭജിക്കപെടും മുമ്പ്, സ്വാതന്ത്ര്യത്തിനും മുമ്പുള്ള ജിന്നയുടെ ചിത്രം ട്വിറ്ററിൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ജിന്നയുടെ പത്രമായ ഡോൺ പബ്ലിഷ് ചെയ്ത ചിത്രം ഉയർത്തിയാണ് ഹിജാബിൽ പലരും ചോദ്യമുയർത്തുന്നത്
ദില്ലി: ഹിജാബ് നിരോധനവുമായി (Hijab Ban) ബന്ധപ്പെട്ട ചർച്ചകൾ രാജ്യത്ത് സജീവമാണ്. കർണാടക ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ രാജ്യത്ത് പല തരത്തിലുള്ള പ്രതികരണങ്ങളും ഉയർന്നിട്ടുണ്ട്. അതിനിടയിലാണ് വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാൻ പാക്കിസ്ഥാന്‍റെ ശ്രമമുണ്ടായത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയടക്കമുള്ളവർ ഇന്ത്യക്കെതിരെ വിമർശനവുമായി രംഗത്തുവരുന്ന സാഹചര്യം പോലുമുണ്ടായി. മതേതര രാജ്യമാണ് ഇതെന്ന മറുപടിയായിരുന്നു ഇന്ത്യ നൽകിയത്. ഇപ്പോൾ വിഷയം ട്വിറ്ററിലും വലിയ ചർച്ചയായി ഉയർന്നിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ മതസ്വാതന്ത്യം തീരെയില്ലാത്ത പാക്കിസ്ഥാൻ പോലൊരു രാജ്യം എന്തിന് ഇടപെടണം എന്ന ചോദ്യമാണ് പലരും പങ്കുവയ്ക്കുന്നത്. ഒപ്പം ഹിജാബ് പോലുള്ളവ മുസ്ലിം സ്ത്രീകൾക്ക് നിർബന്ധമാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. പാക്കിസ്ഥാൻ സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം (Muhammad Ali Jinnah) ഹിജാബില്ലാതെ മുസ്ലിം പെൺകുട്ടികൾ നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടുള്ള ചോദ്യമാണ് ഉയരുന്നത്.
ഇന്ത്യ വിഭജിക്കപെടും മുമ്പ്, സ്വാതന്ത്ര്യത്തിനും മുമ്പുള്ള ജിന്നയുടെ ചിത്രം ട്വിറ്ററിൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ജിന്നയുടെ പത്രമായ ഡോൺ പബ്ലിഷ് ചെയ്ത ചിത്രം ഉയർത്തിയാണ് ഹിജാബിൽ പലരും ചോദ്യമുയർത്തുന്നത്. ജിന്നയ്ക്കൊപ്പം ഇരുപത്തിയഞ്ചിലധികം മുസ്ലിം പെൺകുട്ടികളാണ് ഡോൺ പബ്ലിഷ് ചെയ്തിട്ടുള്ള ചിത്രത്തിലുള്ളത്. 80 വർഷം മുമ്പുളള ചിത്രത്തിൽ ഏതെങ്കിലും മുസ്ലിം പെൺകുട്ടി ഹിജാബ് ധരിച്ചിട്ടുണ്ടോയെന്ന് ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുന്നവർ ചോദിക്കുന്നു. ആൾ ഇന്ത്യ മുസ്ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ വനിതാ വിഭാഗം നേതാക്കളുമൊത്തുള്ള ജിന്നയുടെ 1940 ലെ ചിത്രത്തിൽ എവിടെയെങ്കിലും ഹിജാബ് കാണാനാകുമോയെന്നും ചിലർ ചോദിക്കുന്നു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമാന ചിത്രം പങ്കുവച്ച് ചോദ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ വിഭജിച്ച് ഇസ്ലാമിക് പാക്കിസ്ഥാൻ രൂപികരിക്കുന്നതിന് കാരണക്കാരനായ ജിന്നയ്ക്ക് പോലും നിർബന്ധമില്ലാതിരുന്ന ഹിജാബ് മുസ്ലിം പാർട്ടികൾക്ക് ഇപ്പോൾ എവിടുന്നാണ് നിർബന്ധമായതെന്നാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിലൂടെ ചോദിച്ചത്. ഹിജാബ് നിരോധനം സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമാകുമ്പോഴും പാക്കിസ്ഥാന്‍റെ ഇടപെടൽ ഇവിടെ വേണ്ടെന്ന സന്ദേശമാണ് ഏവരും നൽകുന്നത്.
