Asianet News MalayalamAsianet News Malayalam

അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവം: തിഹാര്‍ ജയിലില്‍ നിന്ന് ഫോണും സിം കാര്‍ഡും കണ്ടെടുത്തു

ആക്രമണ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ടെലഗ്രാം അക്കൗണ്ട് തുടങ്ങിയ ഫോണും സിം കാര്‍ഡും തിഹാര്‍ ജയിലില്‍ നിന്ന് കണ്ടെത്തി. ജയ്ഷുല്‍ഹിന്ദ് എന്ന പേരിലാണ് ടെലഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നത്.
 

Mukesh Ambani Security Scare: Phone Traced To Tihar Cell Of IM Terrorist
Author
New Delhi, First Published Mar 12, 2021, 1:13 PM IST

ദില്ലി: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ആക്രമണ പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ടെലഗ്രാം അക്കൗണ്ട് തുടങ്ങിയ ഫോണും സിം കാര്‍ഡും തിഹാര്‍ ജയിലില്‍ നിന്ന് കണ്ടെത്തി. ജയ്ഷുല്‍ഹിന്ദ് എന്ന പേരിലാണ് ടെലഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നത്. ഈ അക്കൗണ്ടാണ് മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. ക്രിപ്‌റ്റോകറന്‍സിയിലൂടെ ഇവര്‍ പണം ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദിയായ തെഹ്‌സിന്‍ അക്തര്‍ എന്നയാളില്‍ നിന്നാണ് ഫോണും സിം കാര്‍ഡും കണ്ടെടുത്തതെന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്  പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നരേന്ദ്ര മോദിയുടെ റാലി ലക്ഷ്യമാക്കി 2014ല്‍ പട്‌നയില്‍ നടന്ന സ്‌ഫോടനക്കേസുകളില്‍ അറസ്റ്റിലായ വ്യക്തിയാണ് തെഹ്‌സീന്‍ അക്തര്‍. ഹൈദരാബാദ്, ബോധ്ഗയ സ്‌ഫോടനക്കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ട്. ടോര്‍ ബ്രൗസര്‍ ഉപയോഗിച്ച് വെര്‍ച്വല്‍ നമ്പര്‍ സൃഷ്ടിച്ചാണ് ടെലഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പിടിച്ചെടുത്ത മറ്റൊരു സിം സെപ്റ്റംബറില്‍ ആക്ടീവായിരുന്നു. ടെലഗ്രാം അക്കൗണ്ട് തിഹാര്‍ ജയിലില്‍വെച്ചാണ് ഉണ്ടാക്കിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിന്നീടാണ് മുംബൈ പൊലീസ് തിഹാര്‍ ജയില്‍ അധികൃതരെ ബന്ധപ്പെടുന്നത്. സ്വകാര്യ സൈബര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് ടെലഗ്രാം അക്കൗണ്ടിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയത്. ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ ബോംബ് കണ്ടെത്തിയത്.
 

Follow Us:
Download App:
  • android
  • ios