കൂട്ട ബലാത്സംഗം നടന്ന ഡിസംബർ പതിനാറിന് ദില്ലിയിൽ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. 

ദില്ലി: വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സംഭവം നടക്കുമ്പോള്‍ ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷ് സിംഗിന്‍റെ വാദം. ഈ കേസ് വിശദമായി പരിശോധിച്ച് തീർപ്പുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ട ബലാത്സംഗം നടന്ന ഡിസംബർ പതിനാറിന് ദില്ലിയിൽ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. സംഭവം നടന്നതിന്‍റെ അടുത്ത ദിവസം രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നുമായിരുന്നു മുകേഷ് സിംഗിന്‍റെ വാദം. 

അതേസമയം നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ല എന്നും ശിക്ഷയിൽ ഇളവുകൾ ലഭിക്കണം എന്നും കാണിച്ചായിരുന്നു പവന്‍ ഗുപ്‍ത തിരുത്തൽ ഹർജി നല്‍കിയത്. സുപ്രീംകോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ജനുവരി 20നും പുനപരിശോധന ഹർജി ജനുവരി 31നും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി പവന്‍ ഗുപ്‍ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. 

കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. ആരാച്ചാര്‍ പവൻ കുമാര്‍ ജയിലിൽ ഡമ്മി പരീക്ഷണവും പൂര്‍ത്തിയാക്കി. മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. നാല് കുറ്റവാളികളുടെയും ദയാഹർജിയും തിരുത്തൽ ഹർജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകൾ കോടതിക്ക് മുമ്പിൽ എത്തിയിരിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് സിംഗിന്‍റെ ഭാര്യ ഔറംഗാബാദ് കോടതിയെ സമീപിച്ചതും കുറ്റവാളികളുടെ അഭിഭാഷകൻ ആയുധമാക്കുന്നു. 

നിയമത്തിന്‍റെ എല്ലാ വഴികളും അവസാനിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാനുള്ള ശ്രമത്തിലാണ് പ്രതികള്‍. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയിൽ നൽകിയ ഹര്‍ജിയിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല. തീഹാര്‍ ജയിലിൽ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബര്‍ 16നാണ് ദില്ലിയിൽ 23 കാരിയെ ഇവര്‍ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് ദില്ലി പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ലോകത്തെ നടുക്കിയ ആ സംഭവത്തിലാണ് കുറ്റവാളികളെ നാളെ തൂക്കിലേറ്റുന്നത്.