ദില്ലി: ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ സ്വർ​ഗവും പാകിസ്ഥാൻ നരകവുമാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. നിർബന്ധിത മതപരിവർത്തനം ഉൾപ്പടെ നിരവധി യാതനകളാണ് അയൽ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നതെന്ന് നഖ്വി പറഞ്ഞു. രാജ്യാന്തര ന്യൂനപക്ഷ അവകാശ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിൽ വിഷമയമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അബ്ബാസ് നഖ്വി പറഞ്ഞു. "അപകടകരമായ മാനസിക അവസ്ഥയിൽ നിന്നാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഉണ്ടാവുന്നത്. സാമൂഹ്യമായി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം. മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ താമസിക്കാനാകില്ലെന്നാണ് ചിലർ പറയുന്നത്. ഇത് അസത്യവും കെട്ടിച്ചമച്ചതുമാണ്"- അബ്ബാസ് നഖ്വി പറഞ്ഞു.

പൗരത്വ നിയമം കൊണ്ട് ഇന്ത്യയിൽ കാലങ്ങളായി താമസിച്ചുവരുന്ന മുസ്ലിങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല. അവരുടെ പൗരത്വം രാജ്യത്ത് സുരക്ഷിതമാണ്. ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. രാജ്യത്തിന്റെ സമാധാനം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാ ​ഗൂഢാലോചനകൾക്കെതിരെയും ശക്തമായി പോരാടുമെന്നും നഖ്വി പറഞ്ഞു.