കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പൂര്‍ണമായ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മുകുള്‍ റോയ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്ത് തൃണമൂല്‍-ബിജെപി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് മുകുള്‍ റോയ് കത്തയച്ചത്.

പശ്ചിമ ബംഗാളില്‍ പൂര്‍ണമായ അരാജകത്വവും പ്രശ്നങ്ങളുമാണ് നിലനില്‍ക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേഡര്‍ പാര്‍ട്ടികളും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹായത്തോടെയാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും മുകുള്‍ റോയ് ആരോപിച്ചു. 

ശനിയാഴ്ച നോര്‍ത്ത് 24 പാരഗണാസിലെ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെയാണ് ബാസിർഹട്ട് ജില്ലയിൽ സംഘര്‍ഷം രൂക്ഷമായത്.  മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു.

സംഭവത്തെ തുടര്‍ന്ന് അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.