മുംബൈയിൽ ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ അമ്മാവനെ കൊലപ്പെടുത്തി മരുമകൻ. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മുംബൈ: മഹാരാഷ്ട്രയിൽ അമ്മാവനെ കൊലപ്പെടുത്തിയ 26കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. വ്യാഴാഴ്ച്ചയാണ് സംഭവം. മുംബൈയിലെ ഗോരേഗാവിൽ താമസിക്കുന്ന മാരിയപ്പ രാജുവാണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകനായ ഗണേഷ് രമേശ് പൂജാരിയാണ് കേസിലെ പ്രതി. ഗണേഷ് രമേശ് പൂജാരിയുടെ ഭാര്യയുടെ പ്രസവത്തിനായി ഇവ‌ർ താനെയിലെ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയിൽ വെച്ച് ഇവർക്കിടയിൽ വലിയ ത‌‌‍‍‌ർക്കമുണ്ടായി. എന്തിന്റെ പേരിലാണ് ത‌ർക്കമെന്നത് ഇപ്പോഴും വ്യക്തമല്ല. ഇതെത്തുട‌ർന്ന് പ്രതി 40 വയസുകാരനായ അമ്മാവന്റെ തല ആശുപത്രിയുടെ പടിയിൽ പിടിച്ച് ഇടിക്കുകയും ക്രൂരമായി മ‌ർദിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. രമേഷ് അമ്മാവന്റെ കോളറിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് പൂജാരിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.

അതേ സമയം, താനെയിൽ 65 വയസ്സുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്. ചൊവ്വാഴ്ചയാണ് സംഭവം. പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിനു ശേഷം വൃദ്ധയുടെ മൃതദേഹം അവരുടെ കൃഷിയിടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഗണേശ്പുരി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം സംഭവസ്ഥലം സന്ദർശിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. സ്ത്രീയുടെ കഴുത്തിൽ നിന്ന് 6 പവന്റെ സ്വർണമാല കണ്ടെത്തിയതോടെയാണ് പ്രതിയുടെ ലക്ഷ്യം മോഷണം അല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.