കവിയും സാമൂഹ്യപ്രവർത്തകനുമായ ബാപ്പാദിത്യയെയാണ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ചതിന് ഡ്രൈവര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. സാമൂഹ്യപ്രവർത്തകയായ കവിതാ കൃഷ്ണനാണ് തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവം ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നത്.
മുംബൈ: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് സംസാരിച്ച യാത്രക്കാരനെ പൊലീസിലേൽപ്പിച്ച ഊബർ ടാക്സി ഡ്രൈവറെ ആദരിച്ച് ബിജെപി. ബിജെപി മുംബൈ പ്രസിഡന്റ് എംപി ലോഥയുടെ നേതൃത്വത്തിലാണ് ഡ്രൈവർക്ക് സ്വീകരണമൊരുക്കിയത്. ജാഗ്രതയുള്ള പൗരന്റെ കടമയാണ് ഡ്രൈവർ നിറവേറ്റിയതെന്നും ലോഥ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഡ്രൈവറെ ഊബർ സസ്‌പെന്റ് ചെയ്തിരുന്നു. ഊബറിന്റെ ഈ നടപടി തെറ്റായ കാര്യമാണെന്നും ഡ്രൈവറുടെ സുരക്ഷ ഗൗരവത്തോടെ കാണുമെന്നും ലോഥ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കവിയും സാമൂഹ്യപ്രവർത്തകനുമായ ബാപ്പാദിത്യയെയാണ് പൗരത്വ നിയമത്തിനെതിരെ സംസാരിച്ചതിന് ഡ്രൈവര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. സാമൂഹ്യപ്രവർത്തകയായ കവിതാ കൃഷ്ണനാണ് തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവം ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നത്.
ബുധനാഴ്ച രാത്രി മുംബൈയിലെ ജുഹുവില്‍ നിന്നും കുർലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. സംഭാഷണം ശ്രദ്ധിച്ച ഡ്രൈവർ എടിഎമ്മിൽ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിർത്തി. പിന്നീട് പൊലീസുമായി തിരിച്ചെത്തുകയായിരുന്നു.
താൻ ഒരു കമ്യൂണിസ്റ്റാണെന്നും രാജ്യത്തെ കത്തിക്കാൻ പദ്ധതിയിടുന്നതായും മുംബൈയിൽ ഒരു ഷഹീൻബാഗ് സൃഷ്ടിക്കുന്നതിനെക്കുറിച്ച് പറഞ്ഞതായും ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തിയെന്നുവെന്ന് ബപ്പാദിത്യ പറഞ്ഞിരുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നായിരുന്നു ഡ്രൈവറുടെ അവകാശവാദം.
Read Also: പൗരത്വ നിയമ ഭേദഗതിയെ എതിർത്തു സംസാരിച്ചു; യാത്രക്കാരനെ പൊലീസിലേൽപിച്ച് കാർ ഡ്രൈവർ
താൻ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പൊലീസിലേല്‍പിച്ചതിൽ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവർ പറഞ്ഞതായി ബപ്പാദിത്യ പറഞ്ഞിരുന്നു. മറ്റൊരു സാമൂഹ്യപ്രവർത്തകനായ എസ്, ഗോഹിൽ എത്തിയതിന് ശേഷം പുലർച്ചെ ഒരു മണിയോടെയാണ് പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.
