മുംബൈ: നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി വൈദ്യുത വിതരണം തടസപ്പെട്ടു. ടാറ്റാ പവറിന്‍റെ വിതരണ ശൃംഖലയിലുണ്ടായ വൻ തകരാറായിരുന്നു കാരണം. സബർബൻ ട്രെയിനുകളുടെ സർവീസുകളടക്കം മുടങ്ങിയതോടെ ജനം വലഞ്ഞു. ആശുപത്രികളുടെ പ്രവർത്തനത്തെയും വൈദ്യുതി തടസം ബാധിച്ചു. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

ടാറ്റയും അദാനിയുമടക്കം സ്വകാര്യ കമ്പനികളെ വൈദ്യുത വിതരണത്തിന് കാര്യമായി ആശ്രയിക്കുന്ന നഗരമാണ് മുംബൈ. രാവിലെ 10 മണിയോടെയാണ് താനെയിലെ ടാറ്റായുടെ  വൈദ്യുതവിതരണ സംവിധാനത്തിൽ തകരാറുണ്ടായത്. പിന്നാലെ സബർബൻ ട്രെയിനുകൾ വഴിയിൽ കുടുങ്ങി. ആളുകൾ ട്രാക്കിലൂടെ ഇറങ്ങി നടന്നു. ജല വിതരണം തടസപ്പെട്ടു. പവർ പ്ലാൻ്റുകളുടെ പ്രവർത്തനം തടസപ്പെട്ട് തുടങ്ങിയതോടെ ആശുപത്രികളിലെ ജനറേറ്ററുകളിൽ ആവശ്യത്തിന് ഇന്ധനം ശേഖരിച്ച് വയ്ക്കാൻ മുംബൈ കോർപ്പറേഷൻ നിർദ്ദേശം നൽകി.

ട്രാഫിക് സിഗ്നലുകളും പലയിടത്തും നിലച്ചതോടെ റോഡ് ഗതാഗതവും കുരുക്കിലായി. ബോംബെ ഹൈക്കോടതിയിൽ  കേസുകൾ മാറ്റിവച്ചു. ബോംബെ സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ ഞായറാഴ്ചത്തേക്ക് മാറ്റി. മുംബൈയ്ക്ക് പുറമെ നവി മുംബൈ, താനെ എന്നിവിടങ്ങളിലും വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ആളുകൾ പരിഭ്രാന്തരാകരുതെന്ന് നടൻ അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സ്റ്റോക്ക് എക്ചേഞ്ചുകളുടെ പ്രവർത്തനം തടസപ്പെട്ടില്ലെങ്കിലും ടാറ്റാ പവറിന് ഷെയർ മാർക്കറ്റിൽ തിരിച്ചടിയുണ്ടായി. 

ഉച്ചയ്ക്ക് 2 മണിയോടെയാണ് ഏതാണ്ട് പൂർണമായി വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. വൈദ്യുത മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണം പ്രഖ്യാപിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾക്കായി കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര വൈദ്യുതവകുപ്പ് മന്ത്രി ആർ.കെ സിംഗ് അറിയിച്ചു.