മുംബൈയിൽ ഐ ഫോൺ ഇഎംഐ തർക്കത്തെ തുടർന്ന് 19കാരനും മാതാപിതാക്കളും മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മാതാപിതാക്കളും കൊക്കയിലേക്ക് വീണത്.
മുംബൈ: മുംബൈയിൽ 19കാരൻ അടക്കം 3 പേരുടെ മരണത്തിന് കാരണമായത് ഐ ഫോൺ ഇഎംഐ അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലെന്ന് സൂചന. കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളും 19 കാരനായ കുനാൽ ചന്ദ്ഗുഡെയുടെ ജീവനൊടുക്കാനുള്ള ശ്രമത്തിന് കാരണമായതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ഛത്രപതി സംഭാജിനഗറിലെ മലഞ്ചെരുവിൽ നിന്ന് താഴേക്ക് പതിച്ചാണ് കുനാൽ ചന്ദ്ഗുഡെ, പിതാവ് മുരളീധർ, അമ്മ സംഗീത എന്നിവർ മരിച്ചത്.
250 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് മുരളീധർ താഴേക്ക് പതിച്ചു. ഇതിന് പിന്നാലെ മനംനൊന്ത് മാതാവ് സംഗീതയും കൊക്കയിലേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൂത്ത സഹോദരൻ്റെ മരണത്തെത്തുടർന്നുണ്ടായ കുടുംബപ്രശ്നങ്ങളും മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളും ദാരുണ സംഭവത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ഐഫോൺ വാങ്ങിയ കുനാലിന് അതിന്റെ ഇഎംഐ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതേച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായി. പിന്നാലെ കുനാൽ സമീപത്തെ തിസ്ഗാവ് മലയുടെ മുകളിൽ കയറി. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും ഫയർഫോഴ്സും യുവാവിനെ രക്ഷപ്പെടുത്താൻ ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചു. മുരളിധർ മല കയറി കുനാലിന്‍റെ സമീപമെത്തി. മകന്‍റെ കൈപിടിച്ച് വലിച്ചു കയറ്റാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഇരുവർക്കും ബാലൻസ് തെറ്റുകയും രണ്ടു പേരും വലിയൊരു താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ഭർത്താവും മകനും കൺമുന്നിൽ വീണത് കണ്ട മാനസികാഘാതത്തിൽ സംഗീതയും തൊട്ടുപിന്നാലെ മലമുകളിൽ നിന്ന് താഴേക്ക് ചാടി. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
കുനാൽ ആദ്യമായല്ല ജീവനൊടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ മലഞ്ചെരുവിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അന്ന് പോലീസുകാർ സംസാരിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
ആറ് വർഷം മുമ്പ് മൂത്ത മകൻ രോഗം ബാധിച്ച് മരിച്ചതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ഡ്രൈവറായ പിതാവ് മുരളീധർ മാസങ്ങളോളം വീട്ടിൽ വരാറുണ്ടായിരുന്നില്ല. സംഭവത്തിന് രണ്ടുദിവസം മുമ്പ് ഇയാൾ വീട്ടിലെത്തിയത് കുടുംബത്തിൽ വീണ്ടും വഴക്കുകൾക്ക് വഴിവെച്ചു. അടുത്തിടെ കുനാൽ ഇഎംഐയിൽ ഒരു ഐഫോൺ വാങ്ങിയിരുന്നെങ്കിലും ഇതിൻ്റെ ഗഡുക്കൾ അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പിതാവുമായി തർക്കമുണ്ടായി. കുനാൽ മലഞ്ചെരുവിൻ്റെ അറ്റത്ത് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


