Asianet News MalayalamAsianet News Malayalam

വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയെന്ന് സുശാന്ത് ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു: മുംബൈ പൊലീസ് കമ്മീഷണർ

കേസന്വേഷിക്കാനെത്തിയ പട്ന എസ്പിയെ ക്വാറന്റീന് ചെയ്ത സംഭവത്തിൽ മുംബൈ പൊലീസിന് ഒന്നും ചെയ്യാനില്ലെന്ന് മുംബൈ പൊലീസ് കമ്മീഷണർ. 

mumbai police commissioner on Sushant Singh Rajput death
Author
Mumbai, First Published Aug 3, 2020, 2:49 PM IST

മുംബൈ: വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയാണെന്ന് നടൻ സുശാന്ത് സിംഗ് ഇന്റർനെറ്റിൽ തിരഞ്ഞിരുന്നുവെന്ന് മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ്. ജൂണ് 13 ന് സുശാന്തിന്റെ വീട്ടിൽ പാർട്ടി നടന്നതായി തെളിവില്ലെന്നും പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണെന്നും പരം ബീർ സിംഗ് പറഞ്ഞു. കേസന്വേഷിക്കാനെത്തിയ പട്ന എസ്പിയെ ക്വാറന്റീന് ചെയ്ത സംഭവത്തിൽ മുംബൈ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും മുംബൈ കോർപറേഷനാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തിരുന്നു. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു. സുശാന്തിന്‍റെ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.

മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുൻപ് മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിൻ്റെ കൈയ്യിൽ ക്വാറന്‍റീൻ സീൽ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്.പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നടപടിയെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് മെസ്സിൽ താമസം പോലും നൽകിയില്ലെന്ന വിമർശനവുമായി ബിഹാർ ഡിജിപി രംഗത്തെത്തി. ക്വാറന്‍റീൻ ചെയ്തില്ലെങ്കിലും നേരത്തെ എത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നൽകുന്നില്ലെന്ന പരാതി ബിഹാർ സർക്കാർ നേരത്തെ അറിയിച്ചതാണ്. 

കേസുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും നൽകാതെ അന്വേഷണത്തോട് നിസഹകരിക്കുകയാണ് മുംബൈ പൊലീസ്. ഇതിനെല്ലാം ഇടയിലാണ് പുതിയ പ്രകോപനം. സ്ഥിതി കൂടുതൽ സങ്കീർണമാവുന്ന സാഹചര്യത്തിൽ രാത്രിയോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മീഷണർ, മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം വിളിച്ചു. പുതിയ സംഭവവികാസങ്ങളോടുള്ള ബിഹാർ സർക്കാരിന്‍റെ പ്രതികരണമാണ് ഇനി അറിയേണ്ടത്.

Also Read: സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ് പിയെ ബലം പ്രയോഗിച്ച് ക്വാറന്‍റീന്‍ ചെയ്തു

Follow Us:
Download App:
  • android
  • ios