മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവർക്ക് നേരെ ദില്ലിയിലും ബംഗലൂരുവിലുമെല്ലാം പൊലീസ് നരനായാട്ട് നടത്തുമ്പോൾ പ്രതിഷേധക്കാരുടെ കയ്യടി നേടുകയാണ് മുംബൈ പൊലീസ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൊലീസ് നിഷേധിക്കുന്നില്ല. വൻ ജനപങ്കാളിത്തമുള്ള പ്രതിഷേധങ്ങൾക്കിടെ ഒരിക്കൽ പോലും അനിഷ്ട സംഭവങ്ങളുണ്ടാകാതെ കാവൽ നിൽക്കാനും മുംബൈ പൊലീസിനായി.

ഇന്നലെ മുംബൈ കാന്തിവലിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം പൊലീസിന് ജയ് വിളിച്ചും സേവനമനുഷ്ടിച്ച പൊലീസുകാര്‍ക്കൊപ്പം സെൽഫിയുമെടുത്താണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. ദില്ലിയിലും ബംഗലൂരുവിലുമടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിഷേധങ്ങളെ അടിത്തമർത്താനിറങ്ങിയ കാക്കി വേഷക്കാർക്കിടയിൽ മുംബൈ പൊലീസ്  ഇങ്ങനെയാണ് വേറിട്ട് നിൽക്കുന്നത്. പൗരത്വബിൽ പാസായതിന് പിന്നാലെ ഇരുപതിലധികം പ്രതിഷേധ റാലികൾ മുംബൈ കണ്ടു, പ്രതിഷേധിക്കാരെത്തി. പ്രതിഷേധക്കാര്‍ സമാധാനപരമായി മുദ്രാവാക്യം വിളിച്ചു. ജനഗണമന പാടിയ ശേഷം പിരിഞ്ഞ് പോയി. 

മുംബൈ മറൈൻ ഡ്രൈവിൽ അനുമതി തേടാതെ പ്രതിഷേധിക്കാനെത്തിയെന്നാരോപിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ അടക്കമുള്ളവരെ സമര പരമ്പരകളുടെ തുടക്കത്തിൽ പൊലീസ് തടഞ്ഞ് വച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ സമരത്തോടുള്ള സമീപനം ഇങ്ങനെ ആവരുതെന്ന് സർക്കാ‍ർ പൊലീസിന് നി‍ർദ്ദേശം നൽകുകയും ചെയ്തു. പിന്നീട് പല തവണ വിദ്യാർഥികൾ തെരുവിലിറങ്ങി. ഒരുലക്ഷത്തിലധികം പേ‍ർ പങ്കെടുത്ത പടുകൂറ്റൻ റാലി മുംബൈ ക്രാന്തി മൈതാനത്ത് നടത്തിയപ്പോൾ കണ്ണൻ ഗോപിനാഥനടക്കം ആർക്കും പൊലീസിനെക്കുറിച്ച് പരാതിയുണ്ടായില്ല .പ്രകോപനങ്ങളൊന്നും ഉണ്ടാക്കാതെ 1000ലധികം പൊലീസുകാരാണ് പഴുതടച്ച ജാഗ്രതയോടെ മൈതാനത്ത് കാവൽ നിന്നത്. പ്രതിഷേധ സമരങ്ങളെ എങ്ങനെ നേരിടണമെന്ന പാഠം മറ്റിടങ്ങളിലെ പൊലീസുകാ‍ർ മുംബൈ പൊലീസിൽ നിന്ന് പഠിക്കാം.