മുംബൈ: പാര്‍ലമെന്റില്‍ കങ്കണ റണാവത്തിനെതിരെ പരാമര്‍ശം നടത്തിയ എംപി ജയാ ബച്ചന്റെ കുടുംബത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. അമിതാഭ് ബച്ചനടക്കം താമസിക്കുന്നു മുംബൈയിലെ വസതിയിലാണ് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ മൊത്തമായി കരിവാരി തേക്കുകയാണെന്നും പാലുകൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണെന്നുമായിരുന്നു ജയബച്ചന്റെ പരാമര്‍ശം.

രാജ്യസഭയിലെ പ്രസംഗത്തെ തുടര്‍ന്ന് ജയ ബച്ചന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ട്രോള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ജുഹുവിലെ ജല്‍സയില്‍ പൊലീസ് അധിക സുരക്ഷ ഏര്‍പ്പെടുത്തിയത്. ജയബച്ചനെതിരെയുള്ള ഷെയിംഓണ്‍യുജയബച്ചന്‍ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. അതേസമയം, ഹേമമാലിനി, തപ്‌സി പന്നു തുടങ്ങിയ പ്രമുഖര്‍ ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. 

ശിവസേനയും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ജയ ബച്ചനെ പിന്തുണച്ച് എഡിറ്റോറിയല്‍ എഴുതിയത്. ബിജെപി എംപി രവി കിഷനാണ് ബോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചത്. തുടര്‍ന്നായിരുന്നു ജയയുടെ മറുപടി.