കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ വാർത്താ സംവാദത്തിനിടെയാണ് പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവായിരുന്ന നുപുർ ശർമ്മ വിവാദ പരാമർശം നടത്തിയത്
മുംബൈ: പ്രവാചകനെതിരായ (Prophet Muhammed) പരാമർശത്തിൽ നുപുർ ശർമ്മയെ (Nupur Sharma) വിളിച്ച് വരുത്തി മൊഴി എടുക്കാൻ മുംബൈ പൊലീസിന്‍റെ തീരുമാനം. മൊഴി എടുക്കലിനായി ഇവർക്ക് ഉടൻ നോട്ടീസ് നൽകുമെന്ന് മുംബൈ പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ വാർത്താ സംവാദത്തിനിടെയാണ് പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താവായിരുന്ന നുപുർ ശർമ്മ വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതിന് പിന്നാലെ ഇവരെ ബി ജെ പി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ടിവി ചർച്ചയിലെ വിവാദ പരാമർശത്തെ തുടർന്ന് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മെയ് 28 ന് ഗ്യാൻവാപ്പി വിഷയത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്.
അതേസമയം ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തിൽ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ന് പാകിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാർലമെൻറിൽ പ്രമേയം കൊണ്ടു വന്നു. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി.
ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറയുന്നു. പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ പോലുള്ള രാജ്യങ്ങൾ. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവർ നിരോധിച്ചാൽ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ഗ്യാൻവാപി പോലുള്ള വിഷയങ്ങൾ ഇന്ത്യയിൽ സജീവമാകുമ്പോഴാണ് അറബ് ലോകം ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിന് ഇപ്പോഴത്തെ സംഭവങ്ങൾ വലിയ സമ്മർദ്ദമാകുകയാണ്.
