ബസ് എവിടെ പോയെന്നേ എന്ത് സംഭവിച്ചെന്നോ അറിയാത്ത മണിക്കൂറുകൾ. ഡ്രൈവറുടെ ഫോൺ സ്വിച്ഡ് ഓഫ്. അപ്പോഴേക്കും സ്കൂൾ കുട്ടികളുമായി ബസ് കാണാതായെന്ന വാർത്ത പുറത്തെത്തിക്കഴിഞ്ഞിരുന്നു
മുംബൈ: വൈകീട്ട് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുമായി (Student) പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ് കാണാനില്ല (School Bus Missing). വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായി പരിഭ്രാന്തരായ രക്ഷിതാക്കൾ സ്കൂൾ ഗേറ്റിന് മുന്നിൽ തടിച്ചുകൂടി. ബസ് എവിടെ പോയെന്നേ എന്ത് സംഭവിച്ചെന്നോ അറിയാത്ത മണിക്കൂറുകൾ. ഡ്രൈവറുടെ ഫോൺ സ്വിച്ഡ് ഓഫ്. അപ്പോഴേക്കും സ്കൂൾ കുട്ടികളുമായി ബസ് കാണാതായെന്ന വാർത്ത പുറത്തെത്തിക്കഴിഞ്ഞിരുന്നു. എന്നാൽ നാല് മണിക്കൂറുകൾക്ക് ശേഷം പൊടുന്നനെ ബസ് പ്രത്യക്ഷപ്പെട്ടു.
സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളെ വെല്ലുന്നതായിരുന്നു കഴിഞ്ഞ ദിവസം മുംബൈയിലെ സാന്താക്രൂസിലെ പൊഡർ സ്കൂളിൽ നടന്നത്. കുട്ടികൾ സാധാരണ സമയമായിട്ടും വീട്ടിലെത്താതായതോടെയാണ് രക്ഷിതാക്കൾ അന്വേഷിച്ചിറങ്ങിയത്. എന്നാൽ ബസ് ഓടിച്ചിരിന്ന പുതിയ ഡ്രൈവർക്ക് വഴിതെറ്റിയതാണ് കോലാഹലങ്ങൾക്കെല്ലാം കാരണമായത്. ഒപ്പം ഡ്രൈവറുടെ ഫോണിലെ ചാർജും തീർന്നുവെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
“കുട്ടികൾ വൈകിയതിൽ രക്ഷിതാക്കൾ ആശങ്കാകുലരായി, അവർ സ്കൂളിൽ എത്തി. എന്നാൽ ഈ ബസ് സുരക്ഷിതമാണ്, ഇതിലുള്ള എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണ്. ബസിൽ 25-30 വിദ്യാർഥികൾ ഉണ്ടായിരുന്നു,” ഡിസിപി ശിവാജി റാത്തോഡ് പറഞ്ഞു.
“ഗതാഗത സേവനങ്ങളിൽ ഇന്ന് അനുഭവപ്പെട്ട കാലതാമസം കാരണം ഞങ്ങളുടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ അസൗകര്യത്തിൽ ഖേദം അറിയിക്കുന്നു. വരും ദിവസങ്ങളിൽ ഗതാഗത സേവനങ്ങൾ സാധാരണ നിലയിലാകുമെന്ന് ഉറപ്പാക്കാൻ ഡ്രൈവർമാരെ സമഗ്രമായി വീണ്ടും പരിശീലിപ്പിക്കുകയാണ്...“ - സ്‌കൂൾ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
