മുംബൈയിൽ നിന്ന് അമേരിക്കയിലെ നെവാർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിന്റെ സർവീസ് റദ്ദാക്കിയതായും എയർ ഇന്ത്യ അറിയിച്ചു
മുംബൈ: മുംബൈയിൽ നിന്ന് അമേരിക്കയിലെ നെവാർക്കിലേക്ക് പോകാൻ പറന്നുയർന്ന എയർ ഇന്ത്യ വിമാനം മുംബൈയിൽ തന്നെ തിരിച്ചിറക്കി. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് ജീവനക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് നെവാർക്കിലേക്ക് യാത്ര നിശ്ചയിച്ചിരുന്ന എഐ 191 വിമാനമാണ് ജീവനക്കാരുടെ ജാഗ്രത മൂലം സുരക്ഷിതമായി തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വിമാനത്തിലെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആകെ യാത്രക്കാരുടെ എണ്ണവും എയർലൈൻ പുറപ്പെട്ടതും തിരിച്ചെത്തിയതുമായ സമയവും വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് വന്ന ആദ്യ പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വിമാനത്തിൽ ഇന്ത്യാക്കാരടക്കം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. ഷെഡ്യൂൾ പ്രകാരം വിമാനം മുംബൈയിൽ നിന്ന് 01:10 ന് (IST) പുറപ്പെട്ട് 07:55 മണിക്കൂറിന് (EDT) നെവാർക്കിൽ എത്തിച്ചേരേണ്ടതാണ്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് നെവാർക്കിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനവും റദ്ദാക്കി.
എല്ലാ യാത്രക്കാർക്കും ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. ഇവരിൽ ചിലർക്ക് എയർ ഇന്ത്യയുടെയും മറ്റ് എയർലൈനുകളുടെയും ഇതര വിമാനങ്ങളിൽ യാത്രാ സൗകര്യം ഏർപ്പെടുത്തി. നെവാർക്കിൽ നിന്ന് മുംബൈയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരെ സർവീ റദ്ദായ വിവരം അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും മുൻഗണനയായി കാണുന്നതിനാലാണ് സർവീസ് റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്.
