മാന്‍ഹോള്‍ തുറന്നുകിടന്നതിനാല്‍ വാഹനങ്ങള്‍ ഇതില്‍ കുടുങ്ങാനും അപകടമുണ്ടാകാനും സാധ്യതയേറെയാണെന്ന തിരിച്ചറിവാണ് കാന്തയെ ഇതിന് പ്രേരിപ്പിച്ചത്.

 മുംബൈ: ശക്തമായ മഴയില്‍ വലഞ്ഞിരിക്കുകയാണ് മുംബൈ. റോഡുകള്‍ വെള്ളക്കെട്ടുകളായതോടെ ഗതാഗതം തടസ്സപ്പെട്ടു. നാല്‍പ്പതുവര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് മുംബൈയില്‍ പെയ്ത്. ഇതിനിടെ മുംബൈയിലെ വെള്ളക്കെട്ടായ റോഡുകളില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് തുറന്നുകിടന്ന മാന്‍ഹോളിന് മുന്നില്‍ ഏഴ് മണിക്കൂറാണ് കാന്ത മുര്‍ത്തി എന്ന 50 കാരി ഒറ്റ നില്‍പ്പുനിന്നത്.

മാന്‍ഹോള്‍ തുറന്നുകിടന്നതിനാല്‍ വാഹനങ്ങള്‍ ഇതില്‍ കുടുങ്ങാനും അപകടമുണ്ടാകാനും സാധ്യതയേറെയാണെന്ന തിരിച്ചറിവാണ് എട്ട് മക്കളുടെ അമ്മയായ കാന്തയെ ഇതിന് പ്രേരിപ്പിച്ചത്. തെരുവില്‍ പൂക്കള്‍ വില്‍ക്കുന്നയാളാണ് കാന്ത മൂര്‍ത്തി.അധികൃതര്‍ വരുന്നതുവരെ ഇവര്‍ ആ നില്‍പ്പ് തുടര്‍ന്നു. ഏഴ് മണിക്കൂര്‍ മാന്‍ഹോളിന് മുന്നില്‍ നിന്ന കന്തയുടെ വീഡിയോ വൈറല്‍ ആയിരുന്നു. എന്നാല്‍ സംഭവസ്ഥലത്തെത്തിയ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി കന്തയെ ചീത്ത പറയുകയും ചെയ്തിരുന്നു.

''മാന്‍ഹോള്‍ തുറന്നിട്ട് വെള്ളം കെട്ടിനില്‍ക്കുന്നത് ഞാന്‍ തടഞ്ഞു. എന്നിട്ട് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ അവിടെ തന്നെ നിന്നു. എന്നാല്‍ അവരെത്തു എന്നെ ചീത്തപറയുകയാണ് ഉണ്ടായത്. '' കാന്ത പറഞ്ഞു.മൂന്ന് മക്കളുടെ പഠനത്തിനായാണ് കന്ത പൂക്കള്‍ വില്‍ക്കുന്നത്. ഭര്‍ത്താവ് റെയില്‍വെ അപകടത്തെ തുടര്‍ന്ന് തളര്‍ന്നുകിടക്കുകയാണ്.