വീട്ടിലേക്ക് ഇരച്ചുകയറി അക്രമികൾ, അധ്യാപകനെ അടിച്ചുകൊന്നു, രക്ഷപ്പെട്ട പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
പോലീസിനുനേരെ പ്രതി വെടിയുതിര്‍ത്തതോടെ പോലീസും തിരിച്ചു വെടിയുതിര്‍ത്തു. ഇതിനിടയിലാണ് പ്രതിക്ക് വെടിയേറ്റതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ മീണ പറഞ്ഞു

ലക്നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ മോഷണശ്രമത്തിനിടെസ്വകാര്യ കോളജിലെ അധ്യാപകനെ അക്രമികള്‍ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതിയായ ഷഹ്ബാസ് ആണ് വെടിയേറ്റ് മരിച്ചത്. ഷഹ്ബാസിനെ പിടികൂടി മെഡിക്കല്‍ പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ കാത്ര മേഖലയില്‍ വെച്ചാണ് സംഭവം. ബതാലിയ ഗ്രാമത്തിലെത്തിയപ്പോള്‍ റോഡില്‍ കന്നുകാലികള്‍ കയറിയതിനെതുടര്‍ന്ന് പോലീസ് വാഹനത്തിന്‍റെ വേഗത കുറക്കേണ്ടിവന്നുവെന്നും ഇതിനിടയില്‍ പോലീസ് സബ് ഇന്‍സ്പെക്ടറുടെ തോക്ക് കൈവശപ്പെടുത്തിയശേഷം ഷഹ്ബാസ് വാഹനത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന് ഷാജഹാന്‍പുര്‍ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ മീണ പറഞ്ഞു.
പോലീസിനുനേരെ വെടിയുതിര്‍ത്തശേഷം ഷഹ്ബാസ് സമീപത്തുള്ള വയലിലേക്ക് ഓടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തേക്ക് കൂടുതല്‍ പോലീസും ഇതിനിടയിലെത്തി. പോലീസിനുനേരെ ഷഹ്ബാസ് വെടിയുതിര്‍ത്തതോടെ പോലീസും തിരിച്ചു വെടിയുതിര്‍ത്തു. ഇതിനിടയിലാണ് ഷഹബാസിന് വെടിയേറ്റതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും അശോക് കുമാര്‍ മീണ പറഞ്ഞു.
ഇതിനിടെ, മോഷണശ്രമത്തിനിടെ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പ്രതിയെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരുകയാണെന്നും ഷാജഹാന്‍പുര്‍ പോലീസ് അറിയിച്ചു.
മോഷണശ്രമത്തിനിടെ സ്വകാര്യ കോളജിലെ അധ്യാപകനായ അലോക് കുമാര്‍ ഗുപ്ത (36) ആണ് കൊല്ലപ്പെട്ടത്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഷാജഹാന്‍പുരിലെ കാത്ര മേഖലയിലുള്ള അലോക് കുമാര്‍ ഗുപ്തയുടെ വീട്ടിലാണ് മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയത്. അജ്ഞാതരായ ഒരുകൂട്ടം അക്രമികള്‍ രാത്രിയില്‍ വീട്ടിലേക്ക് കയറി ആക്രണം നടത്തുകയായിരുന്നു. വീട്ടിലെ വിലപിടിച്ചവസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. സംഭവം നടക്കുമ്പോള്‍ അലോകിന്‍റെ ഭാര്യ കുശ്ബു, പിതാവ് സുധിര്‍ ഗുപ്ത, സഹോദരന്‍ പ്രശാന്ത്, പ്രശാന്തിന്‍റെ ഭാര്യ രുചി എന്നിവരും മൂന്നു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
അക്രമികള്‍ വീട്ടില്‍ കയറുന്ന ശബ്ജദം കേട്ട് കിടപ്പുമുറിയില്‍നിന്ന് എഴുന്നേറ്റുവന്ന അലോക് കുമാറിനെ മൂര്‍ച്ഛേറിയ ആയുധം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങളെയും അക്രമികള്‍ ആക്രമിച്ചു. പരിക്കേറ്റ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.അലോകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകികളെ പിടികൂടാന്‍ പ്രത്യേക സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം. മോഷണം മാത്രമാണോ അതല്ല അക്രമത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.