Asianet News MalayalamAsianet News Malayalam

വധശ്രമക്കേസിലെ ശിക്ഷ: ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

അധ്യാപകൻ സമൂഹത്തിന് അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയെന്നാണ് ഭരണകൂടം പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കിയത്

Murder attempt case lakshadweep ex mp brother terminated as teacher
Author
First Published Jan 15, 2023, 10:38 AM IST

കൊച്ചി: കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാം പ്രതി നൂറുൾ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്. അന്ത്രോത്ത് എംജിഎസ്എസ്എസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം. 

അധ്യാപകൻ സമൂഹത്തിന് അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയെന്നാണ് ഭരണകൂടം പിരിച്ചുവിടൽ ഉത്തരവിൽ വ്യക്തമാക്കിയത്. നൂറുൾ അമീനിന്റെ പ്രവർത്തി ഇതിന് ചേർന്നതല്ല എന്നും അഡ്മിനിസ്ട്രേറ്റർ. കേസിൽ ഒന്നാം പ്രതിയായ നൂറുൾ അമീനും രണ്ടാം പ്രതിയായ മുൻ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഫൈസൽ, എംപി സ്ഥാനത്തു നിന്ന് അയോഗ്യനായിരുന്നു.

വധശ്രമ കേസിലെ  പത്ത് വർഷത്തെ  തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹർജി കേരള ഹൈക്കോടതി ഈ മാസം 17 നാണ് പരിഗണിക്കുക.  കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും  പ്രോസിക്യൂഷനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ  നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന എംപിയുടെ  ആവശ്യത്തിൽ ചൊവ്വാഴ്ച  വിശദമായ വാദം കേൾക്കും. 

മുഹമ്മദ് ഫൈസൽ, സഹോരൻമാരായ അമീൻ, പഠിപ്പുരക്കൽ  ഹുസൈൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾ പോലും കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ്   കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നുമാണ് ലക്ഷദ്വീപ് മുൻ എംപിയുടെയും സഹോദരങ്ങളുടെയും വാദം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  2009 ലെ സംഘർഷത്തിനിടെ കോൺഗ്രസ് പ്രവലർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios