മദ്രാസ് സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജൂലൈ ഏഴിന് കീഴടങ്ങാനുള്ള സമയം അവസാനിച്ചിരുന്നു. 

ചെന്നൈ: യുവതിയെ വിവാഹം കഴിക്കാൻ ഭർത്താവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശരവണ ഭവൻ ഉടമ പി രാജഗോപാൽ കോടതിയിൽ കീഴടങ്ങി. മദ്രാസ് സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജൂലൈ ഏഴിന് കീഴടങ്ങാനുള്ള സമയം അവസാനിച്ചിരുന്നു. ഇതിനിടെ കീഴടങ്ങാൻ കൂടുതൽ സമയം ചോദിച്ചുള്ള രാജഗോപാലിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജഗോപാൽ കീഴടങ്ങാൻ കൂടുതൽ സമയം തേടിയത്.

2001-ലാണ് കേസിനാസ്പദമായ സംഭവം. ജ്യോത്സ്യന്റെ വാക്കുകേട്ട് ഹോട്ടലിലെ ജീവനക്കാരന്റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. ഇതിന് പിന്നാലെ ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്.

കേസിൽ സെഷന്‍ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിന് വിധിച്ചത്. പിന്നീട് 2004-ൽ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വിധിക്കുകയായിരുന്നു. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കേസിൽ രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.