വധ ഭീഷണിക്കെതിരെ തെരുവിൽ ഇറങ്ങി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് ഭീഷണിക്കെതിരായ അദ്ദേഹത്തിന്റെ നീക്കം
കൊൽക്കത്ത: വധ ഭീഷണിക്കെതിരെ തെരുവിൽ ഇറങ്ങി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് ഭീഷണിക്കെതിരായ അദ്ദേഹത്തിന്റെ നീക്കം. ഇന്നലെ രാത്രിയാണ് ആനന്ദ ബോസിന് വധഭീഷണി ഉണ്ടായത്. എഡിസിക്കാണ് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ഈ വിവരം കൊൽക്കത്ത പൊലീസിനെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. തുടർന്ന് ഗവർണറുടെ സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊക്കെ നടന്നിരുന്നു. എന്നാൽ, തനിക്ക് സുരക്ഷ വേണ്ടെന്നും വധഭീഷണി വകവെക്കുന്നില്ലെന്നുമായിരുന്നു ആനന്ദബോസിന്റെ നിലപാട്.
അതിനുശേഷമാണ് സി വി ആനന്ദബോസ് കൊൽക്കത്തയിലെ തെരുവിലേക്കിറങ്ങുകയും ജനങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിക്കുന്നുണ്ട്. സുരക്ഷാസേനയില്ലാതെ ഗവർണർ തെരുവിലൂടെ നടന്നത്. കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ വിമർശനവുമായി എത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്ന് വിമർശനങ്ങളിൽ നിലപാട് മയപ്പെടുത്തുകയായിരുന്നു ആനന്ദബോസ്. എൻഎസ്എസിനെപ്പറ്റി താൻ പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നുമാണ് ആനന്ദബോസ് പറഞ്ഞത്.


