കര്‍ണാടക ശിവമോഗയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ പരക്കെ അക്രമം നടന്നിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. 

കർണാടക: ബജ്റം​ഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തെ ഭീകരതയുടെ കേരള മോഡലെന്ന് ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ശിവമോ​ഗയിൽ ബജ്റം​ഗ്ദൾ പ്രവർത്തകനായ ഹർഷ കൊല്ലപ്പെട്ടത്. ഹർഷയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തേജസ്വി സൂര്യ ഇപ്രകാരം പറഞ്ഞത്. കർണാടകയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക മതമൗലിക വാദത്തിന്റെ ഇരയാണ് ഹർഷയെന്നും തേജസ്വി സൂര്യ പറഞ്ഞു. 

'ഞാൻ ബിജെവൈഎം പ്രവർത്തകർക്കൊപ്പം ഹർഷയുടെ മാതാപിതാക്കളെ സന്ദർശിച്ചു. കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരയാണ് ഇദ്ദേഹം. പിഎഫ്ഐ, എസ്ഡിപിഐ, സിഎഫ്ഐ തുടങ്ങിയ സംഘടനകൾ കർണാടകയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃകയാണിത്.' കർണാടകയിലെ ശിവമോഗയിൽ വെച്ച് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു. 

I, along with BJYM workers, visited Harsha's parents. Growing Islamic fundamentalism in Karnataka has taken him a victim. This is Kerala model of terror that orgs like PFI, SDPI, CFI exported to Karnataka & other parts of the country: BJP MP Tejasvi Surya in Shivamogga, Karnataka pic.twitter.com/kUnPnE8qFc

— ANI (@ANI) February 22, 2022

കര്‍ണാടക ശിവമോഗയില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ പരക്കെ അക്രമം നടന്നിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അഞ്ച് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നും ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്രപറഞ്ഞു. ബജ്‌റംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട യുവാവ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 

ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ക്രമസമാധാനനില നിലനിര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ എന്ന യുവാവിനെ അക്രമികള്‍ കുത്തിക്കൊന്നത്. 

ഇയാള്‍ തയ്യല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു. ബജ്‌റംഗളിന്റെ 'പ്രകണ്ഡ സഹകാര്യദര്‍ശി' ചുമത വഹിച്ചിരുന്ന നേതാവാണ് ഹര്‍ഷ. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നാലുപേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തിനു പിന്നില്‍ ഏതെങ്കിലും സംഘടനയാണോ എന്നത് വ്യക്തമായിട്ടില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഹര്‍ഷയുടെ വീട് സന്ദര്‍ശിച്ചു. ഹിജാബ് വിവാദവുമായി കൊലപാതകത്തിന് ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളാണ്. കുറ്റവാളികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. അതേസമയം, സംഭവത്തിനു പിന്നില്‍ മുസ്ലിം ഗുണ്ടകളാണെന്ന് കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ ആരോപിച്ചു.