'എല്ലാ മത്സരവും വിജയിച്ച് ഫൈനലിലെത്തിയ ഇന്ത്യൻ ടീം ഫൈനലില്‍ മോദി സ്റ്റേഡിയത്തില്‍ തോറ്റു'
ദില്ലി: 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ക്രിക്കറ്റ് ലോകകപ്പിനോട് ഉപമിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുൾ വഹാബ് എം പി. എല്ലാ മത്സരവും വിജയിച്ച് ഫൈനലിലെത്തിയ ഇന്ത്യൻ ടീം ഫൈനലില്‍ മോദി സ്റ്റേഡിയത്തില്‍ തോറ്റു. അത് തന്നെയാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് സംഭവിക്കാൻ പോകുന്നതെന്നും അബ്ദുള്‍ വഹാബ് അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തെരഞ്ഞെടുപ്പിന് പിന്നാലെ ഉരുണ്ടുകൂടിയ അതൃപ്തിയെ തുടര്‍ന്ന് ഇന്ത്യ സഖ്യം നാളെ നടത്താനിരുന്ന വിശാല യോഗം മാറ്റിവച്ചു എന്നതാണ്. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ അറിയിച്ചു. മറ്റ് പരിപാടികളുള്ളതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് മമത ബാനര്‍ജിയും അറിയിച്ചു. തിരക്കുണ്ടെന്ന് അഖിലേഷ് യാദവും വ്യക്തമാക്കി. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ നിന്ന് അസൗകര്യം അറിയിച്ച് പ്രധാന നേതാക്കള്‍ ഒന്നൊന്നായി പിന്‍മാറുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വേളയില്‍ സഖ്യനീക്കങ്ങള്‍ക്കൊന്നും മുതിരാതിരുന്ന കോണ്‍ഗ്രസ്, തിരിച്ചടിയേറ്റതിന് പിന്നാലെ യോഗം വിളിച്ച നടപടിയെ പരിഹാസ്യമായാണ് സഖ്യ കക്ഷികളില്‍ പലരും കാണുന്നതെന്നാണ് സൂചന.
കൈയിലിരുന്ന രണ്ട് സംസ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസിന് നേതൃസ്ഥാനത്ത് തുടരാനാകില്ലെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. തെരഞ്ഞെടുപ്പിന് പിന്നാലെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി തങ്ങളാണെന്ന അവകാശവാദം ആംആദ്മി പാര്‍ട്ടി ഉന്നയിച്ചതും സഖ്യത്തിന്‍റെ നേതൃപദവി കോണ്‍ഗ്രസ് കൈയാളുന്നതിലെ അതൃപ്തിയുടെ തെളിവാണ്. ഭോപ്പാലില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ റാലി റദ്ദ് ചെയ്തതിലും പാര്‍ട്ടികള്‍ക്ക് അതൃപ്തിയുണ്ട്. നാളെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചേരുമെന്നറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല.
