ദില്ലി: അയോധ്യ കേസിലെ സുപ്രീംകോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. അതേസമയം തര്‍ക്കഭൂമിക്ക് പകരം മറ്റേതെങ്കിലും സ്ഥലം മസ്ജിദ് നിര്‍മാണത്തിനായി മുസ്ലിം സംഘടനകൾ സ്വീകരിക്കില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് എസ് ക്യു ആര്‍ ഇല്ല്യാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്ഷേത്രം തകര്‍ത്തോ, ഭൂമി കയ്യേറിയോ അല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന് തെളിയിക്കുന്ന 1528 മുതലുള്ള രേഖകൾ സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്. അത് തെറ്റാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹിന്ദു കക്ഷികൾക്ക് നൽകാനായിട്ടില്ല. 

നിയമപരവും ഭരണഘടനാപരവുമായ അവകാശം ഉറപ്പാക്കാൻ സുപ്രീംകോടതി ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്ന്  എസ് ക്യു ആര്‍ ഇല്ല്യാസ് പറഞ്ഞു. എന്നാൽ കോടതി വിധി എതിരാവുകയാണെങ്കിൽ അത് രാജ്യത്തെ മുസ്ലീം സംഘടനകൾ അംഗീകരിക്കും. രാമന്‍റെ ജന്മഭൂമി അയോദ്ധ്യയിലാണെന്ന് സമ്മതിക്കുന്നു. എന്നാൽ അയോദ്ധ്യയിൽ രാമന്‍റെ ജന്മഭൂമിയിലെന്ന് അവകാശപ്പെടുന്ന ഏഴ് ക്ഷേത്രങ്ങളുണ്ട്. ഇതെല്ലാം കോടതിയെ ബോധ്യപ്പെടുത്താനായി. കേസിൽ നിന്ന് പിന്മാറാം എന്ന സുന്നി വഖഫ് ബോര്‍ഡിന്‍റെ നിലപാടിൽ സംശയമുണ്ടെന്നും എസ് ക്യു ആര്‍ ഇല്ല്യാസ് പറഞ്ഞു. കേസിലെ കക്ഷികളായ നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ്, ഹിന്ദു മഹാസഭ ഉൾപ്പടെയുള്ളവര്‍ അവരുടെ വാദങ്ങൾ രേഖാമൂലം കോടതിയിൽ സമര്‍പ്പിച്ചിട്ടുണ്ട്.