Asianet News MalayalamAsianet News Malayalam

'എന്റെ ഹിന്ദുത്വത്തിന് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല' - മഹാരാഷ്ട്ര ഗവർണർക്ക് ഉദ്ധവ് താക്കറെയുടെ മറുപടി

താൻ എന്തിലും ഉപരിയായി കണക്കാക്കുന്നത് ജനങ്ങളുടെ സുരക്ഷയാണ് എന്നും, ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തുറക്കാം എന്നുള്ള നിർദേശം ആരോഗ്യ വിദഗ്ധരിൽ നിന്ന് കിട്ടുന്ന മുറക്ക് അവയും തുറക്കും എന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

My hindutwa needs no certificate from you, Maha CM Uddhav Thackeray tells governor Bhagat Singh Koshyari
Author
Mumbai, First Published Oct 13, 2020, 3:55 PM IST

മുംബൈ: സംസ്ഥാനത്തെ ആരാധനാ കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാറും, മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിയും തമ്മിലുള്ള തൊഴുത്തിൽകുത്ത് അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വിഷയം പറഞ്ഞുകൊണ്ട് ഗവർണർ അയച്ച കത്തിനോട് ഉദ്ധവ് താക്കറെ വളരെ രൂക്ഷമായി പ്രതികരിച്ചു. പറഞ്ഞത്, തന്റെ ഹിന്ദുത്വത്തിന് ഗവർണറുടെ വക ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. 

ഒക്ടോബർ 12 -ന് ഗവർണർ CMO-യ്ക്ക് ആരാധനാ കേന്ദ്രങ്ങൾ തുറക്കുന്നതിലെ ആശയക്കുഴപ്പം സംബന്ധിച്ചയച്ച കത്തിൽ മുഖ്യമന്ത്രിക്കു നേരെയുള്ള പരിഹാസ സൂചനകൾ ഉണ്ടായിരുന്നു. അവയോടുള്ള പ്രതികരണമായാണ് ഉദ്ധവ് താക്കറെ ഗവർണർക്കുള്ള തന്റെ മറുപടിക്കത്തിൽ അങ്ങനെ കുറിച്ചത്. " മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കുന്ന തീയതി ഇങ്ങനെ ഓരോ പ്രാവശ്യവും നീട്ടിവെക്കാൻ നിങ്ങൾക്ക് വല്ല ദൈവവിളിയും കിട്ടുന്നതാണോ അതോ ആകസ്മികമായി ഇപ്പോൾ നിങ്ങൾ, ഇതുവരെ വെറുത്തുപോന്നിരുന്ന 'മതേതരർ' ആയതാണോ?" എന്നായിരുന്നു ഗവർണറുടെ വിവാദാസ്പദമായ പരാമർശം. ബാറുകളും ഹോട്ടലുകളും ഒക്കെ തുറക്കുന്നതിൽ പ്രശ്നമൊന്നും കാണാത്ത മുഖ്യമന്ത്രി എന്തുകൊണ്ടാണ് നമ്മുടെ ആരാധനാമൂർത്തികളെ ഇനിയും ഇങ്ങനെ ലോക്ക് ‍ഡൗണിൽ തന്നെ കഴിയാൻ വിട്ടിരിക്കുന്നത് എന്നും ഗവർണർ കത്തിൽ ചോദിച്ചിരുന്നു. 

ഈ ദുസ്സൂചനയ്ക്കുള്ള മറുപടിയെന്നോണം ഉദ്ധവ് താക്കറെ ഇങ്ങനെ എഴുതി," സർ, അങ്ങയുടെ കത്തിൽ അങ്ങ് ഹിന്ദുത്വ എന്ന് പരാമർശിച്ചു കണ്ടു. ഒരു കാര്യം അങ്ങ് മനസ്സിലാക്കിയാൽ കൊള്ളാം. തല്ക്കാലം എന്റെ ഹിന്ദുത്വത്തിന് അങ്ങയുടെ ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എന്റെ ജന്മനാടായ മഹാരാഷ്ട്രയേയോ, മുംബൈ നഗരത്തെയോ ഒക്കെ പാക് അധീന കാശ്മീരിനോട് ഉപമിക്കുന്ന ഒരു വ്യക്തിയെ ഇവിടേക്ക് സ്വാഗതം ചെയ്യാൻ എന്നിലെ ഹിന്ദുത്വ മൂല്യങ്ങൾ അനുവദിക്കുന്നില്ല എന്നുകൂടി അങ്ങ് മനസ്സിലാക്കിയാൽ നന്നായിരിക്കും." 

 

 

പ്രതിപക്ഷം ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനത്തിലാണ് ഈ ഒരു വാക്‌പോരോടെ ഗവർണർ-മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്നവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. ഇതിനു മുമ്പ് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നയങ്ങളിലും തീരുമാനങ്ങളിലുമുള്ള തന്റെ എതിർപ്പുകൾ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ അപ്പപ്പോൾ പ്രകടിപ്പിച്ച് വാർത്താ തലക്കെട്ടുകളിൽ ഇടം പിടിച്ചിരുന്നു. താൻ എന്തിലും ഉപരിയായി കണക്കാക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണ് എന്നും, ക്ഷേത്രങ്ങളും മറ്റുള്ള ആരാധനാലയങ്ങളും തുറക്കാം എന്നുള്ള നിർദേശം ആരോഗ്യ വിദദ്ധരിൽ നിന്ന് കിട്ടുന്ന മുറക്ക് അവയും തുറക്കും എന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എന്തായാലും നവംബർ ആദ്യത്തോടെ ദിവാലിക്ക് മുമ്പായി മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കാനുളള ഉത്തരവിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് കരുതപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios