രണ്ടായിരത്തി നാലിലെയും, രണ്ടായിരത്തി ഒൻപതിലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ അനുസ്മരിച്ച് പാർട്ടി അധ്യക്ഷയായിരുന്നെ കാലം സംതൃപ്തമായിരുന്നുവെന്നും സോണിയ ഗാന്ധി

റായ്പൂർ: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിലെ പ്രസംഗത്തിലാണ് സോണിയ ഞെട്ടിക്കുന്ന പരാമർശം നടത്തിയത്. ഭാരത് ജോഡോ യാത്രയോടെ തന്‍റെ ഇന്നിംഗ്സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറിയിലെ പ്രസംഗത്തിൽ പറഞ്ഞത്. സജീവ രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തലുകൾ. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടായിരത്തി നാലിലെയും, രണ്ടായിരത്തി ഒൻപതിലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ അനുസ്മരിച്ച് പാർട്ടി അധ്യക്ഷയായിരുന്നെ കാലം സംതൃപ്തമായിരുന്നുവെന്നും സോണിയ ഗാന്ധി പ്ലീനറിയിലെ പ്രസംഗത്തിൽ വ്യക്തമാക്കി.

'ആഴത്തിലുള്ള അസ്വസ്ഥത', വാഹനാപകടത്തിലെ ഇരട്ടമരണത്തിൽ ഞെട്ടൽ പങ്കുവച്ച് രാഹുൽ; 'അന്ന് സഞ്ചരിച്ച ഓട്ടോറിക്ഷ'

അതേസമയം എ ഐ സി സി പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം റായ്പൂരിൽ പുരോഗമിക്കുകയാണ്. സമ്മേളന നഗരിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേ പതാക ഉയർത്തി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കൾ സമ്മേളനത്തിൽ എത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ പതിനയ്യായിരത്തോളം കോൺഗ്രസ്‌ നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പാർട്ടി അധ്യക്ഷന് കൈമാറി. ഇന്ന് മൂന്ന് പ്രമേയങ്ങളിലാണ് ചർച്ച നടക്കുക. രാഷ്ട്രീയം, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലാണ് പ്രമേയ അവതരണം. നാളെ മൂന്ന് പ്രമേയങ്ങൾ കൂടി അവതരിപ്പിക്കും. വൈകീട്ട് റാലിയോടെ പ്ലീനറി സമ്മേളനം സമാപിക്കും.

YouTube video player

അതേസമയം പ്ലീനറി സമ്മേളനത്തിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ പാ‍‍ർട്ടി തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നാണ് പറഞ്ഞത്. പാർലമെൻറിൽ നീക്കം ചെയ്ത കവിത ശകലത്തിലെ വാക്കുകൾ വേദിയിലുയർത്തി കേന്ദ്രസ‍ർക്കാരിനെതിരായ പ്രതിഷേധം ആവർത്തിക്കുക കൂടിയായിരുന്നു ഖർ​ഗെ. ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ ആഗ്രഹ പൂർത്തീകരണമാണ്. പ്ലീനറി സമ്മേളനത്തിന് തുരങ്കം വയ്ക്കാൻ ബി ജെ പി ശ്രമം നടത്തി. അതിന്‍റെ ഭാഗമായിരുന്നു ഛത്തീസ്ഗഡിലെ ഇ ഡി റെയ്ഡ്. ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. എൽ ഐ സി, എസ് ബി ഐ പോലുള്ള സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നവരുടെ ഡിഎൻഎ പാവപ്പെട്ടവർക്കെതിരാണെന്നും ഖർ​ഗെ പറഞ്ഞു. ജനവിരുദ്ധ ബി ജെ പി സർക്കാരിനെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാറാണ്. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.