ദില്ലി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഘടനവാദി നേതാക്കളെ ഇന്ത്യക്ക് മ്യാന്മാർ കൈമാറി. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന് കൂടുതൽ ശക്തിയേകുന്നതാണ് മ്യാന്മാറിന്റെ നീക്കം. മണിപ്പൂരിലും അസമിലും മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള വിഘടനവാദികളെയാണ് കൈമാറിയിരിക്കുന്നത്.

പ്രത്യേക വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ആദ്യം മണിപ്പൂരിൽ ലാന്റ് ചെയ്യുന്ന വിമാനം പിന്നീട് അസമിലേക്ക് പോകും. 22 പേരെയും ലോക്കൽ പൊലീസിന് കൈമാറും.  ഇതാദ്യമായാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഇന്ത്യക്ക് മ്യാന്മർ കൈമാറുന്നത്.

ഇരു രാജ്യങ്ങളിലെയും രഹസ്യാന്വേഷണവും പ്രതിരോധ സഹകരണവും ശക്തിപ്പെട്ടതിന്റെ സൂചനയാണ്. 22 പേരിൽ 12 പേർ യുഎൻഎൽഎഫ്,  പിആർഇപിഎകെ (പ്രോ), കെവൈകെഎൽ, പിഎൽഎ തുടങ്ങിയ മണിപ്പൂർ വിഘടനവാദി പ്രവർത്തകരാണ്. പത്ത് പേർ അസമിൽ പ്രവർത്തിക്കുന്ന എൻഡിഎഫ്ബി(എസ്), കെഎൽഒ എന്നിവയിലെ അംഗങ്ങളാണ്.