Asianet News MalayalamAsianet News Malayalam

Kodanad Case : ജയലളിതയുടെ പ്രിയപ്പെട്ട വാസസ്ഥലം; ഇന്ന് ദുരൂഹതയുടെ രാവണന്‍ കോട്ട!

എസ്റ്റേറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന തടാകത്തിലൂടെ ബോട്ട് യാത്ര നടത്താനും ബംഗ്ലാവിൽ സമയം ചെലവഴിക്കാനും ജയലളിതക്ക് ഇഷ്ടമായിരുന്നു.

mysterious facts in kodanad estate robbery
Author
Chennai, First Published Apr 21, 2022, 5:05 PM IST

ചെന്നൈ: കോടനാട് വ്യൂ പോയിന്റിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പ്രശസ്തമായ കോടനാട് എസ്റ്റേറ്റ് (kodanad Estate) . ഇപ്പോഴും അടിമുടി ദുരൂഹമായി തുടരുന്നയിടം. പ്രൈവറ്റ് സെക്യൂരിറ്റിയുള്‍പ്പെടെ 24 മണിക്കൂർ സുരക്ഷ ക്രമീകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. എസ്റ്റേറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന തടാകത്തിലൂടെ ബോട്ട് യാത്ര നടത്താനും ബംഗ്ലാവിൽ സമയം ചെലവഴിക്കാനും ജയലളിതക്ക് വളരെയധികം ഇഷ്ടമായിരുന്നു. കൂടാതെ ഈ ബം​ഗ്ലാവിലേക്ക് പ്രവേശിക്കാൻ പ്രത്യേക വഴിയാണ് ജയലളിത ഉപയോ​ഗിച്ചിരുന്നത്. 

"ഞാൻ ഇവിടെ എത്തുന്ന സമയത്തെല്ലാം ബംഗ്ലാവ് തികച്ചും വ്യത്യസ്തമായി കാണപ്പെട്ടിരുന്നു. 'വാസ്തു ശാസ്ത്ര'ത്തിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലതവണ ഇത് പുനർനിർമ്മിച്ചിരുന്നു.'' ജയലളിതയുടെ അനന്തരവൾ ദീപ പറയുന്നു. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ഈ ബം​ഗ്ലാവ്. കോടനാട് എസ്റ്റേറ്റ് ജയലളിതയുടെ തറവാട് സ്വത്തല്ലായെന്നും ഇപ്പോൾ അതിന്റെ ഉടമ ആരാണെന്ന് തനിക്കറിയില്ലെന്നും ദീപ പറയുന്നു. 

കോടനാട് സെക്യൂരിറ്റി ജീവനക്കാരനായ ഓം ബഹാദൂറിന്റെ കൊലപാതകത്തോടെയാണ് കോടനാട് എസ്റ്റേറ്റ് വീണ്ടും ചർച്ചാവിഷയമായി മാറിയത്. ജയലളിതയുടെ വിശ്രമകേന്ദ്രമായിരുന്ന കൊടനാട് എസ്റ്റേറ്റിലെ ബംഗ്ലാവ് കാവൽക്കാരൻ നേപ്പാൾ സ്വദേശി റാം ബഹദൂർ (50) കൊല്ലപ്പെടുന്നത് 2017 ഏപ്രിൽ 23നു രാത്രിയാണ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ കൃഷ്ണ ബ​ഹാദൂറിന് ആഴത്തിൽ മുറിവേറ്റിരുന്നു. ബംഗ്ലാവിന്റെ 13 ഗേറ്റുകളിൽ പത്താമത്തേതിലെ ജോലിക്കാരാണ് ആക്രമിക്കപ്പെട്ടത്. 11 പേർ അടങ്ങുന്ന അക്രമി സംഘം എസ്റ്റേറ്റിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. ഗേറ്റ് 10 ൽ നിലയുറപ്പിച്ച ഓം ബഹാദൂർ അക്രമികളെ നേരിട്ടു. ഇയാളെ പ്രതിരോധിക്കാൻ അക്രമികൾ ശ്രമിച്ചതിന് തുടർന്നാണ് കൊലപാതകം നടന്നത്. 

പോലീസ് രേഖകൾ പ്രകാരം ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഘം ബംഗ്ലാവ് വിട്ടത്. ചെക്‌പോസ്റ്റിനു സമീപം പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ഇവരുടെ  വാഹനങ്ങൾ പാഞ്ഞുകയറിയിരുന്നു. മൂന്ന് വാഹനങ്ങളിലായിട്ടാണ് ഇവർ സഞ്ചരിച്ചിരുന്നത്. അവയിലൊരെണ്ണം ചെക്ക്പോസ്റ്റിൽ നിർത്തുകയും മറ്റൊരെണ്ണം രക്ഷപെടുകയും ചെയ്തിരുന്നു. എന്നാൽ  ഉപദ്രവകാരികളല്ലെന്ന് കരുതി അവരെ വിട്ടയച്ചു. പിന്നീട്  നീലഗിരി എസ്പി  സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സംശയം ശരിയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. 

മുഖ്യപ്രതി കനകരാജിന്‍റെ മരണത്തോടെയാണ് കോടനാട്ടെ കൊലപാതകക്കേസിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞിരുന്ന പ്രധാനിയായിരുന്നു സേലം സ്വദേശി 36 കാരനായ കനകരാജ്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ വാഹനാപകടത്തില്‍ മരിക്കുന്നത്. സേലത്തിനടുത്ത് ആത്തൂരില്‍ വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സേലത്തിനടുത്ത് തലൈവാസല്‍ എന്ന സ്ഥലത്തെ ബന്ധുവീട്ടിലേക്ക് പോകുംവഴി എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നുവെന്നും അതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

പാലക്കാട് തൃശൂർ ദേശീയപാതയിൽ കണ്ണാടിയിൽ വച്ചാണ് ഈ കേസിലെ രണ്ടാം പ്രതി സയനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ റാം ബഹദൂർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാം പ്രതി കെ വി സയനും വാഹനാപകടത്തിൽ പെടുന്നത്. രണ്ട് സംഭവത്തിലും ദുരൂഹത തുടരുന്നതിനിടയിലാണ് സയന്‍റെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തിൽ ഒരേ തരത്തിൽ മുറിവുകളുള്ളതായി വ്യക്തമാകുന്നത്.

മോഷണം, അസാധാരണമായ മരണങ്ങള്‍, വിസ്മയിപ്പിക്കുന്ന യാദൃശ്ചികതകള്‍, കോപാകുലയായ ഒരു 'പ്രേത സാന്നിദ്ധ്യം' എന്നിങ്ങനെ സംഭവങ്ങളും അതിനോട് ചേര്‍ത്ത്‍വെയ്ക്കപ്പെട്ട കഥകളും ഒരുപാടുണ്ട് ജയലളിതയെപ്പറ്റി ഇപ്പോള്‍. ജയലളിത മരിച്ച് ആറ് മാസം തികയുന്നതിന് മുമ്പാണ് ചെന്നൈയില്‍ നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ അകലെയുള്ള കോടനാട് എസ്റ്റേറ്റില്‍ മോഷണം നടക്കുന്നത്. അധികാരത്തിലിരിക്കുന്ന സമയത്ത് വേനല്‍ക്കാല വസതിയായി ജയലളിത ഉപയോഗിച്ചിരുന്ന ആഡംബര ബംഗ്ലാവുള്‍പ്പെടെ 900 ഏക്കറോളം പരന്നുകിടക്കുന്ന കോടനാട് എസ്റ്റേറ്റ് ശശികല സ്വന്തമാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

അനവധി സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ സദാസമയവും കാവല്‍ നില്‍ക്കുന്ന കോടനാട് എസ്റ്റേറ്റിലെ ഒരു കാവല്‍ക്കാരനെ കൊലപ്പെടുത്തിയിട്ടാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അഞ്ച് വര്‍ഷത്തോളം ജയലളിതയുടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ കനകരാജ് ഉള്‍പ്പെടെ 11 പേരെയാണ് കേസില്‍ പൊലീസ് സംശയിച്ചിരുന്നത്. മോഷണത്തിന് അഞ്ച് ദിവസം മുമ്പ് ചെന്നൈ ശിരുവത്തൂരില്‍ ഉള്ള ജയലളിതയുടെ മറ്റൊരു ബംഗ്ലാവില്‍ തീപിടുത്തമുണ്ടായിരുന്നു. ജോലിക്കാര്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ തീപടര്‍ന്നതാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ ദൂരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കോടനാട് എസ്റ്റേറ്റിലെ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്ന ദിനേഷിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. ആറുവർഷമായി ഇയാൾ ഇവിടുത്തെ ജീവനക്കാരനായിരുന്നു. 

തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കോടനാട് എസ്റ്റേറ്റ് കൊള്ളയെ സംബന്ധിച്ച് ഏറ്റവുമൊടുവിൽ പുറത്തെത്തിയ വാർത്ത വി കെ ശശികലയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു എന്നതാണ്. ജയലളിതയുടെ സ്വത്ത് വകകളും പാർട്ടിയിലെ പല പ്രമുഖരേയും സംബന്ധിച്ച രഹസ്യരേഖകളും കോടനാട് എസ്റ്റേറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് അഭ്യൂഹം. ഇതിനിടെ കേസിലെ പ്രതി കെ.വി.സൈൻ നീലഗിരി ജില്ലാ കോടതിയിൽ നിന്ന് കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവ് സമ്പാദിച്ചു. ഇത് പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. പളനിസ്വാമിയടക്കം പ്രമുഖരെയും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. എസ്റ്റേറ്റിലുണ്ടായിരുന്നത് എന്തൊക്കെയെന്ന് ജയലളിതയുടെ വിശ്വസ്ഥയായിരുന്ന ശശികലയ്ക്ക് അറിയാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ശശികലയുടെ അനന്തരവനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ ടിടിവി ദിനകരൻ ആവശ്യപ്പെട്ടു. കേസ് ദുർബലമാകുമോ രാഷ്ട്രീയമായ പൊട്ടിത്തെറികളിലേക്ക് നയിക്കുമോ എന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശശികലയുടെ വെളിപ്പെടുത്തലുകൾ അനുസരിച്ചിരിക്കും.

Follow Us:
Download App:
  • android
  • ios