പ്രത്യേക സൈനിക സംഘം നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 14 ഗ്രാമീണർ; കുറ്റപത്രം സമർപ്പിച്ചത് 30 സൈനികർക്കെതിരെ
നാഗാലാൻഡ്: നാഗാലാൻഡ് വെടിവയ്പ്പിൽ 30 സൈനികർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് പ്രത്യേക സൈനിക സംഘം നടത്തിയ വെടിവയ്പ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ 50 സാക്ഷികളിൽ നിന്നടക്കം മൊഴി രേഖപ്പെടുത്തി പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചതോടെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണത്തിന്റെ ചുമതല.
നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 14 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളുടെ സംഘം സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
തൊഴിലാളികളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താത്തതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ വിശദീകരണം. എന്നാൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം നിർത്താൻ സുരക്ഷാസേന ആവശ്യപ്പെട്ടിട്ടില്ലെന്ന് വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് തൊഴിലാളികളിലൊരാളായ സെയ് വാങ്ങ് സോഫ്റ്റ്ലി എന്നയാൾ പിന്നീട് വെളിപ്പെടുത്തി. ഇതിനുപിന്നാലെ പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരെ നാഗാലാന്‍ഡില്‍ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നെങ്കിലും കുറ്റക്കാരായ സൈനികർക്ക് എതിരെ നടപടി എടുക്കാതെ സഹായധനം സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബങ്ങൾ. ഇതേതുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
