ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി പാര്‍ലമെന്‍റില്‍ വോട്ട് ചെയ്ത് രാജ്യ സഭാ എം പിയെ സസ്പെന്‍ഡ് ചെയ്ത് നാഗാലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിഎഫ്. രാജ്യ സഭാംഗം കെ ജി കെന്യേയെയാണ്  നാഗാ പീപ്പിള്‍സ് ഫ്രന്‍റിന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്നും സജീവാഗംത്വത്തില്‍ നിന്നുമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. 

പാര്‍ട്ടി നിര്‍ദേശം മറി കടന്ന് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് അച്ചടക്ക നടപടി. സസ്പെന്‍ഷനില്‍ ആണെങ്കിലും പാര്‍ട്ടി വിപ്പ് അനുസരിക്കാന്‍ കെ ജി കെന്യേയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് ബാധ്യതയുണ്ടെന്നും നാഗാ പീപ്പിള്‍സ് ഫ്രന്‍റ് വിശദമാക്കി. 

പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നാലെ കെന്യേയോട് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്‍പിഎഫിന്‍റെ മണിപ്പൂറില്‍ നിന്നുള്ള ലോക്സഭാംഗമായ ലോര്‍ഹോ എസ് പ്ഫോസിനും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതില്‍ കാരണം കാണിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതില്‍ ലോക്സഭാഗം മാപ്പ് ചോദിച്ചിരുന്നു. 

എന്നാല്‍ തന്‍റെ നടപടിയെ ന്യായീകരിക്കാന്‍ കെന്യേ നടത്തിയ ശ്രമങ്ങളാണ് അച്ചടക്ക നടപടിയെടുക്കാന്‍ എന്‍പിഎഫിനെ പ്രേരിപ്പിച്ചത്. നിയമം നാഗാലാന്‍റിന്‍റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഐഎല്‍പി സംവിധാനം ഏര്‍പ്പെടുത്തിയെന്നായിരുന്നു കെന്യേ ന്യായീകരിച്ചത്. കഴിഞ്ഞ മാസം എന്‍പിഎഫിന്‍റെ സെക്രട്ടറി ജനറല്‍ എന്ന പദവി കെന്യേ രാജി വച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നില്ല.