തെലങ്കാനയിലെ നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പുരോഗതി.
ബെഗളൂരു: തെലങ്കാനയിലെ നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പുരോഗതി. ടണലിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് തകർന്ന ബോറിംഗ് മെഷീന്‍റെ അടുത്ത് വരെ ദൗത്യസംഘം എത്തി. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ് സ്പീക്കർ വഴി സംസാരിക്കാൻ ദൗത്യ സംഘം ശ്രമിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങുന്നുവെന്നും സംഘം അറിയിച്ചു. മണ്ണും ചെളിയും സിമന്‍റ് കട്ടകളും അടിഞ്ഞുകിടക്കുന്ന ഈ ഭാഗത്ത് നിന്ന് ജാഗ്രതയോടെ അകത്തേക്ക് പോകാനാണ് രക്ഷാ പ്രവർത്തകരുടെ ശ്രമം.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ വമ്പൻ ടണലുകളിലൊന്നിന്‍റെ മേൽക്കൂര ഇടിഞ്ഞ് വീണ് ഇതിനകത്ത് എട്ട് പേർ കുടുങ്ങിയത്. പ്രൊജക്റ്റ്, സൈറ്റ് എഞ്ചിനീയർമാരായ രണ്ട് പേരും ആറ് തൊഴിലാളികളുമാണ് ടണലിനകത്ത് കുടുങ്ങിക്കിടക്കുന്നത്. ടണൽ നിർമാണത്തിന് കരാറെടുത്ത കമ്പനിയുടെയും ബോറിംഗ് മെഷീൻ കൊണ്ട് വന്ന കമ്പനിയുടെയും ജീവനക്കാരാണ് അകത്ത് കുടുങ്ങിയിരിക്കുന്നത്.
