നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ സഹപാഠിയും കൂട്ടാളികളും ചേർന്ന് പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ലഹരി നൽകി നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും പണം തട്ടുകയും ചെയ്തു.

നാഗ്പൂർ: നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ 24 വയസ്സുകാരിയായ ഭാര്യയെ സഹപാഠിയും കൂട്ടാളികളും ചേർന്ന് പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ, മന്ത്രവാദം എന്നിവയിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. കോളജ് സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തന്നെ പഴയ സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തെന്നും നഗ്ന വിഡിയോ പകര്‍ത്തിയെന്നും മതംമാറ്റുകയും ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പ്രധാന പ്രതിയായ അയാസ് മദാരെ, ഇയാളുടെ കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മതപരിവർത്തന ചടങ്ങുകൾക്ക് നേതൃത്വം നൽകിയ മൗലാനയ്ക്കായി പോലീസ് മധ്യപ്രദേശിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എഫ്‌ഐആർ പ്രകാരം, 2025 ഫെബ്രുവരി 8-ന് ഒരു ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് യുവതിയുടെ പാനീയത്തിൽ ലഹരിവസ്തു കലർത്തുകയായിരുന്നു. യുവതി അബോധാവസ്ഥയിലായ സമയത്ത് ഇവരുടെ ആക്ഷേപകരമായ ചിത്രങ്ങളും വീഡിയോകളും പ്രതികൾ പകർത്തി. ഈ ദൃശ്യങ്ങൾ ഭർത്താവിന് അയക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് ബ്ലാക്ക്‌മെയിലിംഗ്. യുവതിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും 4 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു.

കേസിലെ പ്രധാന തെളിവ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ്. യുവതി കരഞ്ഞുകൊണ്ട് തന്നെ വിട്ടയക്കാൻ പ്രതിയോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. അയാസ് മദാരെ യുവതിയുടെ കൈകളിൽ ബലമായി പിടിച്ചു വെച്ച് മതപരമായ ശ്ലോകങ്ങൾ ചൊല്ലുകയും മുഖത്തേക്ക് ഊതുകയും ചെയ്യുന്നുണ്ട്. മന്ത്രവാദത്തിലൂടെയോ ഹിപ്നോട്ടിസത്തിലൂടെയോ തന്നെ കീഴ്പ്പെടുത്താൻ പ്ലാസ്റ്റിക് കുപ്പിയിലെ ദ്രാവകം കുടിക്കാൻ നിർബന്ധിച്ചതായും അതിനുശേഷം പീഡിപ്പിച്ചതായും യുവതി പരാതിപ്പെട്ടു.

മെയ് 31-ന് പ്രതികൾ യുവതിയെ ബലമായി കൽമേശ്വറിലേക്ക് കൂട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള താമിയ ഗ്രാമത്തിൽ നിന്നുള്ള ഹസ്രത് മൗലാന എന്ന മൂന്നാം പ്രതിയുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകൾ നടത്തി ഇവർ യുവതിയെക്കൊണ്ട് നിർബന്ധിച്ച് 'ഖുബൂൽ ഹേ' എന്ന് പറയിപ്പിച്ചു. യുവതി മതം മാറിയതായും അയാസുമായുള്ള 'നിക്കാഹ്' കഴിഞ്ഞതായും മൗലാന പ്രഖ്യാപിച്ചു. തുടർന്ന് മാംസം കഴിക്കാനും കൽമ ചൊല്ലാനും നിർബന്ധിച്ച ശേഷം ഹോട്ടലിൽ എത്തിച്ച് വീണ്ടും പീഡിപ്പിച്ചു.

ബലാത്സംഗം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം, പണം തട്ടിയെടുക്കൽ, ബ്ലാക്ക്‌മെയിലിംഗ്, നിർബന്ധിത മതപരിവർത്തനം എന്നിവയ്‌ക്കൊപ്പം മന്ത്രവാദ വിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും ഒളിവിൽ പോയ മൗലാനയ്ക്കായി മറ്റൊരു സംസ്ഥാനത്ത് തെരച്ചിൽ തുടരുകയാണെന്നും ഡിസിപി സുരേഷ് റെഡ്ഡി വ്യക്തമാക്കി.