ബം​ഗളൂരു:  കൊറോണ വൈറസ് ബാധയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടുമ്പോൾ പ്രതിസന്ധിയിലകപ്പെട്ടവർക്ക് കൈത്താങ്ങായി മാറുകയാണ് നമ്മ ബം​ഗളൂരു ഫൗണ്ടേഷൻ. മറ്റ് സന്നദ്ധ സംഘടനകളായ അത്രിയ യൂണിവേഴ്സിറ്റി, ജിറ്റോഅപക്സ്, സത്സം​ഗ്, ദേശിമസാല, ടീംഎൽബിറ്റിസി, ആവാസ്, ​ഗോദ്വാദ് ഭവൻ, ​ഗിൽ​ഗാൽ ട്രസ്റ്റ്, ഇസുമിൻ എന്നിവയ്ക്കൊപ്പമാണ് പലവ്യജ്ഞന കിറ്റുകൾ, ഭക്ഷണപ്പൊതികൾ എന്നിവ വിതരണം ചെയ്തത്. മാർച്ച് 24  മുതൽ മെയ് 20 വരെയുള്ള കാലയളവിലാണ് കൊവിഡ് മൂലം തൊഴിൽരഹിതരായ നാലര ലക്ഷത്തോളം ആളുകളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും 24 കോടി രൂപയുടെ സഹായമെത്തിച്ചത്. ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് നമ്മ ബം​ഗളൂരു  ഫൗണ്ടേഷൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഭക്ഷണപ്പൊതികൾ, ഭക്ഷ്യകിറ്റുകൾ, പലവ്യജ്ഞനകിറ്റുകൾ, മാസ്കുകൾ, മുഖാവരണങ്ങൾ, കുടിവെള്ളം, സംരക്ഷിത ഉപകരണങ്ങൾ, ലഘുഭക്ഷണങ്ങൾ, സാനിട്ടറി പാ‍ഡുകൾ, റാ​ഗി മാൾട്ട്, സോപ്പുകൾ, സാനിട്ടൈസർ എന്നീ അവശ്യവസ്തുക്കളാണ് നൽകിയത്. എന്‍ബിഎഫ് ഫുഡ് ഡെലിവറി ഡ്രൈവ് വഴി ഭക്ഷണം ലഭിക്കാത്തവര്‍ക്കും നമ്മ ബംഗളൂരു സഹായമെത്തിച്ചിരുന്നു. 800 രൂപ വില വരുന്ന ഓരോ കുടുംബ കിറ്റിലും 10 കിലോ അരി, രണ്ട് കിലോ ഗോതമ്പ് പൊടി, ഒരുകിലോ പരിപ്പ്, ഒരുകിലോ പഞ്ചസാര, ഒരുകിലോ ഉപ്പ്, ഒരുലിറ്റര്‍ എണ്ണ, രണ്ട് സോപ്പ് എന്നിവ ഉള്‍പ്പെടുന്നു.