Asianet News MalayalamAsianet News Malayalam

നാരദക്കേസില്‍ രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍, സിബിഐ ഓഫിസില്‍ മമത; ബംഗാളില്‍ നാടകീയ സംഭവങ്ങള്‍

മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്.
 

Narada case: CBI Arrested 2 TMC Ministers, Mamata rushes to CBI office
Author
Kolkata, First Published May 17, 2021, 11:15 AM IST

കൊല്‍ക്കത്ത: ബംഗാളില്‍ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍. നാരദ കൈക്കൂലി കേസില്‍ സിബിഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിബിഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തി. രണ്ട് മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളാണ് അറസ്റ്റിലായത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്. 

അറസ്റ്റിലായവര്‍ ഇപ്പോള്‍ സിബിഐ ഓഫിസിലാണുള്ളത്. അറസ്റ്റിലായ രണ്ട് മന്ത്രിമാരും മമതയുടെ വിശ്വസ്തരാണ്. അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. ഇവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.രാവിലെ ഒമ്പത് മണിയോടെയാണ് ഫിര്‍ഹാദ് ഹക്കീമിനെ വീട്ടില്‍ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ നാല് പേര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഗവര്‍ണറാണ് സിബിഐക്ക് അനുമതി നല്‍കിയത്.

ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കസ്റ്റഡി ആവശ്യപ്പെട്ടേക്കും. എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണ്. എന്നാല്‍ സിബിഐ സ്പീക്കറെ സമീപിക്കാതെ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. 2014ലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നാരദാ ഒളിക്യമാറ ഓപ്പറേഷന്‍ നടക്കുന്നത്. ബംഗാളില്‍ നിക്ഷേപം നടത്തുന്നതിനായെന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമായി.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios