മുംബൈ: 56 ശിവസേന എംഎല്‍എമാരില്‍ 35 പേര്‍ പാര്‍ട്ടി നേതൃത്വത്തില്‍ സംതൃപ്തരല്ലെന്ന് ബിജെപി എം പി നാരായന്‍ റാനെ. വ്യത്യസ്തമായ പ്രത്യയ ശാസ്ത്രങ്ങള്‍ പിന്തുടരുന്ന മൂന്ന് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം സൂക്ഷിക്കാന്‍ ഉദ്ധവ് താക്കറെ കഷ്ടപ്പെടുന്നുണ്ടെന്നുമാണ് നാരായന്‍ റാനെ അഭിപ്രായപ്പെട്ടത്. 

താനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാനെ. ശിവസേനയ്ക്ക് സീറ്റ് വിതരണത്തില്‍ നല്ല വകുപ്പുകള്‍ ഒന്നും ലഭിച്ചില്ലെന്നും റാനെ പറഞ്ഞു. രക്ഷാമന്ത്രിയുടെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവും റവന്യൂ വകുപ്പ് മന്ത്രിയുമായ ബാലാസാഹേബ് മുഖ്യമന്ത്രിയോട് വിശദമാക്കിയത് ഇതിന്‍റെ തെളിവാണെന്നും റാനെ പറഞ്ഞു. 

സഖ്യത്തില്‍ അസ്വസ്ഥതകള്‍ ഉണ്ട്. ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലേക്ക് തിരികെ എത്തുമെന്നും റാനെ പറഞ്ഞു. ആവശ്യപ്പെട്ട വകുപ്പുകള്‍ ലഭിക്കാത്തത് മൂലം അബ്ദുള്‍ സറ്റാര്‍ എംഎല്‍എ രാജി വയ്ക്കുമെന്നാണ് സംസാരമെന്നും റാനെ ആരോപിച്ചു. ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. എന്നാല്‍ ശിവസേനയ്ക്കുള്ളത് 56 പേരാണ് അതില്‍ 35 പേര്‍ അസംതൃപ്തരുമാണെന്ന് റാനെ കൂട്ടിച്ചേര്‍ത്തു. 

വായ്പകള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം പൊള്ളയാണെന്നും റാനെ പറഞ്ഞു. എന്ന് എഴുതി തള്ളുമെന്ന് വിശദമാക്കാതെയാണ് വാഗ്ദാനമെന്നും റാനെ പറഞ്ഞു. ഔറംഗബാദ് സന്ദര്‍ശിച്ച മുഖ്യമന്ത്രി മേഖലയ്ക്കായി പ്രത്യേകിച്ച് പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും റാനെ ആരോപിച്ചു. എങ്ങനെ സര്‍ക്കാര്‍ കൊണ്ടുപോവണമെന്ന് ഇവര്‍ക്ക് അറിയില്ല. അഞ്ച് ആഴ്ചകള്‍ എടുത്താണ് അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത്തരമൊരു സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ എന്ത് പ്രതീക്ഷിക്കണമെന്നും റാനെ പറഞ്ഞു. എന്നാല്‍ രാജ് താക്കറെ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ബിജെപിയുമായുള്ള ധാരണകളെപ്പറ്റി റാനെ പ്രതികരിച്ചില്ല.