ബെംഗളുരു: പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ബെംഗളുരുവില്‍ പിടികൂടി. ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ബെംഗളുരു വിമാനത്താവളത്തില്‍ വച്ച് മയക്കുമരുന്ന് പിടികൂടിയത്. ഫോട്ടോ ഫ്രെയിമുകളിലും ആല്‍ബത്തിലുമായി ഒളിപ്പിച്ച് ബെംഗളുരുവില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പിടികൂടിയത്. 

''അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 13 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടുന്ന ഏറ്റവും കൂടിയ ശേഖരമാണ് ഇത്'' -  ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പറഞ്ഞു. ഫോട്ടോ ഫ്രെയിംസ് സാധാരണയില്‍നിന്ന് വ്യത്യസ്തമായി കട്ടിയുള്ളതായി അനുഭവപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. 

സ്യൂഡോഫെഡ്രിന്‍ ആണ് ഇതില്‍ ഒളിപ്പിച്ചുവച്ചിരുന്നത്. മെതെനാമിന്‍, എക്‌സ്റ്റസി ഗുളികകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്. ചെന്നൈയില്‍ നിന്ന് 25 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ പിടികൂടി മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഇത്.