കൊവിഡിന് പിന്നാലെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ 'മോദി തൊഴില്‍ തരൂ' എന്ന പ്രചാരണം ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ട്.

ദില്ലി: രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷമുയരുമ്പോള്‍ യുവാക്കള്‍ക്ക് ഉപദേശവുമായി മന്‍കി ബാത്തില്‍ നരേന്ദ്രമോദി. സ്വന്തം വഴി സ്വയം തെരഞ്ഞെടുക്കണമെന്നും, പ്രതിസന്ധികളില്‍ പതറരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കൊവിഡിന് പിന്നാലെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ 'മോദി തൊഴില്‍ തരൂ' എന്ന പ്രചാരണം ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശക്തമായിട്ടുണ്ട്. 35 കോടിയോളം പേര്‍ തൊഴില്‍ രഹിതരായെന്ന റിപ്പോര്‍ട്ടുകളോട് കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുമ്പോഴാണ് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അനുനയ ശ്രമം. 

സാമ്പ്രദായിക വഴികളില്‍ മാത്രം ഉറച്ച് നില്‍ക്കരുതെന്നും പുതിയ മേഖലകള്‍ കണ്ടെത്തണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞ് വയ്ക്കുന്നത്. അങ്ങനെയുള്ളവര്‍ക്കേ വിജയിച്ച ചരിത്രമുള്ളുവെന്നും മോദി പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വേരോട്ടത്തിന് ബിജെപി ശ്രമിക്കുന്നതിനിടെ തമിഴ് പഠിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും ശ്രദ്ധേയമായി. 

തമിഴ്നാട്ടില്‍ മൂന്ന് തവണ പ്രചാരണത്തിനെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആഗ്രഹങ്ങളെ സംബന്ധിച്ച ചോദ്യത്തോട് തമിഴ് പഠിക്കാത്തിലുള്ള നിരാശ മോദി പങ്ക് വച്ചത്. തമിഴ് പഠനം തുടങ്ങിക്കഴിഞ്ഞെന്ന മറുപടിക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. എഴുപത്തിനാലാമത് മന്‍കി ബാത്ത് പതിപ്പില്‍ രാജ്യത്തെ 9 കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ കേള്‍വിക്കാരായി. സംസ്ഥാനത്തെ ഏക കേന്ദ്രമായ കോഴിക്കോട് ടൗണ്‍ഹാളില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ എത്തിയിരുന്നു.