ദില്ലി: യുവാക്കളിൽ ശാസ്ത്രതാൽപര്യം വികസിപ്പിച്ചെടുക്കുക എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി ചരിത്രത്തിന്റെ സയൻസും സയൻസിന്റെ ചരിത്രവും പഠിക്കേണ്ടതുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു. വീഡിയോ കോൺഫറൻസ് വഴി വൈഭവ് (വൈശ്വിക്ക് ഭാരതീയ വൈജ്ഞാനിക്ക്) സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ശാസ്ത്ര രംഗത്തെയും ഗവേഷണ മേഖലയേയും പരിപോഷിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായും നരേന്ദ്ര മോദി അവകാശപ്പെട്ടു. സാമൂഹിക-സാമ്പത്തിക മാറ്റത്തിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമാണ് ശാസ്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ന് തുടങ്ങിയ വൈഭവ് കോൺഫറൻസ് ഒക്ടോബർ 31 വരെ നീണ്ടു നിൽക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ വംശജരായ ഗവേഷകരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനങ്ങളേയും ഒരു വേദിയില്‍ എത്തിക്കുക എന്നതാണ് പ്രധാനമായും വൈഭവ് ലക്ഷ്യമിടുന്നത്. 55 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും വൈഭവ് കോൺഫറൻസിൽ പങ്കെടുക്കും.