റഷ്യയും അമേരിക്കയും അടക്കമുള്ള മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും മോദി പ്രഭാവമുണ്ടെന്നും ഇവര്‍ പറയുന്നു. പല രാജ്യങ്ങളുമായി സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് ഇത് പ്രശംസനീയമാണെന്നും ചൈനീസ് നെറ്റിസണ്‍സ്

ദില്ലി: ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഇടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനശ്വരനെന്ന് അഭിസംബോധന ചെയ്ത് ചൈനീസ് നെറ്റിസണ്‍സ്. ബഹുമാന പൂര്‍വ്വം അനശ്വരന്‍ എന്ന് അര്‍ത്ഥ വരുന്ന ലാവോസിയന്‍ എന്ന പദമാണ് പ്രധാനമന്ത്രിയെ വിശേഷിപ്പിക്കാനായി ചൈനീസ് നെറ്റിസണ്‍സ് ഉപയോഗിക്കുന്നതെന്നാണ് യുഎസ് ആസ്ഥാനമായുള്ള മാഗസിനായ ദി ഡിപ്ലോമാറ്റ് വിശദമാക്കുന്നത്. ചൈന ഇന്ത്യയെ എങ്ങനെ കാണുന്നുവെന്ന ലേഖനത്തിലാണ് പരാമര്‍ശം.

ചൈനീസ് സമൂഹമാധ്യമങ്ങളെ വിലയിരുത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയ്ക്ക് മറ്റ് പ്രധാന രാജ്യങ്ങളോടൊപ്പം സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചൈനയിലെ ജനങ്ങള്‍ പ്രതികരിക്കുന്നത്. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ മോദി അറിയപ്പെടുന്നത് ലവോസിയന്‍ എന്നാണ്. വ്യത്യസ്തമായ കഴിവുകളുള്ള അനശ്വര വ്യക്തി എന്ന അര്‍ത്ഥം വരുന്നതാണ് ഈ പദപ്രയോഗം.

മറ്റ് നേതാക്കളേക്കാളും പ്രഭാവമുള്ള വ്യത്യസ്തനായ നേതാവെന്ന സൂചനയാണ് ഇതിലൂടെ നെറ്റിസണ്‍സ് നരേന്ദ്ര മോദിക്ക് നല്‍കുന്നത്. സ്വീകരിക്കുന്ന നയങ്ങളിലും വേഷ ധാരണത്തിലും ശരീര പ്രകൃതിയിലും ഈ മാറ്റമുണ്ടെന്നാണ് ചൈനീസ് നെറ്റിസണ്‍സ് വിശദമാക്കുന്നത്. റഷ്യയും അമേരിക്കയും അടക്കമുള്ള മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും മോദി പ്രഭാവമുണ്ടെന്നും ഇവര്‍ പറയുന്നു. പല രാജ്യങ്ങളുമായി സുഹൃദ് ബന്ധമാണ് ഇന്ത്യയ്ക്കുള്ളത് ഇത് പ്രശംസനീയമാണെന്നും ചൈനീസ് നെറ്റിസണ്‍സ് പ്രതികരിക്കുന്നു. 

ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിലാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നത് ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പാണ്. 2020 മുതലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകൾ അതിർത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി ശാന്തമാക്കാൻ നടപടി സ്വീകരിക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും 350 പേജുള്ള റിപ്പോർട്ട് വിശദമാക്കിയിരുന്നു.