ദില്ലി: കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തി, അമ്മ തിരുത്തിയ ഓര്‍മകളും സാഹചര്യവും പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കേള്‍ക്കുന്ന കഥകളെ കുറിച്ച്  അവതാരകന്‍ ബെയര്‍ ഗ്രില്‍സിന്‍റെ ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.
 
മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മോദി പറഞ്ഞുതുടങ്ങി. ചെറിയ കുട്ടിയായിരുന്നപ്പോള്‍ കുളിക്കാനായി തടാകത്തില്‍ പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ അമ്മ എന്‍റെ തെറ്റ് ചൂണ്ടിക്കാട്ടി. ഇത് ശരിയല്ലെന്നും തിരിച്ച് കൊണ്ടുവിടണമെന്നും അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ അത് അനുസരിച്ചു.

തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്‍റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും അദ്ദേഹം പറഞ്ഞു.  എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല.  നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്ന് താന്‍ കരുതുന്നതായും അദ്ദേഹം പറയുന്നു.

കുട്ടിക്കാലത്തെ ചില രസകരമായ മറ്റ് ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. മഞ്ഞുതുള്ളികള്‍ ഉപ്പിന്റെ പാളി തീര്‍ക്കുമ്പോള്‍ സോപ്പ് പൊടി പോലെ അത് ഉപയോഗിച്ച് തുണി അലക്കിയിരുന്നു. അത് കുളിക്കാനും ഉപയോഗിച്ചിരുന്നു. 18 വയസുള്ളപ്പോള്‍ ലോകത്തെ മനസിലാക്കാന്‍ വീടുവിട്ടിറങ്ങി. ഹിമാലയത്തിലേക്ക് പോകാന്‍ തീരുമാനിച്ചതിന് കാരണം പ്രകൃതി സ്‌നേഹമായിരുന്നു. അതാണ് ഇപ്പോഴും നയിക്കുന്നത്. 

കല്‍ക്കരി ചെമ്പുപാത്രത്തില്‍ ഇട്ടായിരുന്നു അന്ന് തുണി തേച്ചിരുന്നത്. വീട്ടില്‍ ഇസ്തിരിപ്പെട്ടി ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ഇന്ത്യയെ ശുദ്ധീകരിക്കും. വ്യക്തി ശുചിത്വമാണ് ഇന്ത്യക്കാരുടെ സംസ്‌കാരം. 18 വര്‍ഷക്കാലത്തിനിടെ തന്റെ ആദ്യ അവധിക്കാലമാണ് ഇതെന്നും മോദി പറയുന്നു. പേടി എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അത് എന്താണെന്ന് വിശദീകരിക്കാനും അത് നേരിടുന്നത് എങ്ങനെ എന്ന് പറയാനും എനിക്കറിയില്ല. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ചാല്‍ ഭയക്കേണ്ടതില്ല. വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അത് അപകടമാകുമെന്നും മോദി പറഞ്ഞു. 

ലോകത്തിലെ ഏറ്റവും ജനപ്രിയ സര്‍വെവ് പരമ്പരയായ  മാന്‍ വെര്‍സസ് വൈല്‍ഡ് 2006ലാണ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്‍റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. ഇത്തവണ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതായിരുന്നു എപ്പിസോഡിന്‍റെ തീം.