Asianet News MalayalamAsianet News Malayalam

ത്രിപുരയിൽ തീപാറും! ബിജെപിക്ക് മോദിയടക്കമുള്ള നേതൃനിര; എതിർക്കാൻ രാഹുലും യെച്ചൂരിയും, പിണറായിയും എത്തിയേക്കും

സി പി എം കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ധാരണയില്‍ മത്സരിക്കുന്ന ത്രിപുരയില്‍ സംയുക്ത പ്രചാരണമുണ്ടാകുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല

narendra modi rahul gandhi sitaram yechury also pinarayi vijayan tripura election 2023 asd
Author
First Published Feb 5, 2023, 8:03 PM IST

അഗർത്തല: തെര‌ഞ്ഞെടുപ്പിന് പത്ത് നാൾ ശേഷിക്കെ ത്രിപുരിലെ പോരാട്ടം തീപാറുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ചൂടുപിടിച്ച പ്രചാരണ രംഗത്തേക്ക് കേന്ദ്ര നേതാക്കൾ കൂടി എത്തുന്നതോടെ പോരാട്ടം അക്ഷരാർത്ഥത്തിൽ പൊടി പാറുന്നതാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെ  പ്രചാരണത്തിന് ഇറക്കി ത്രിപുരയില്‍ ഭരണം നിലനിർത്താനുള്ള പരിശ്രമത്തിലാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കൻമാർ തുടങ്ങിയ വന്‍ നിരയാണ് ബി ജെ പി പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. പ്രചാരണത്തിന്‍റെ അവസാനദിവസമായ  ഫെബ്രുവരി പതിമൂന്നിനാകും മോദി ത്രിപുരയില്‍ എത്തുകയെന്നാണ് സൂചന.

മുഷറഫ് 'തന്ത്രപരമായ ചിന്ത'യുള്ള നേതാവെന്ന് തരൂർ; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

രഥയാത്ര ഉദ്ഘാടനം ചെയ്യാന്‍ ജനുവരി അഞ്ചിന് സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ വീണ്ടും ത്രിപുരയിലെത്തുന്നതോടെ പ്രചാരണ രംഗം കൊഴുക്കും. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സിനിമ താരം മിഥുൻ ചക്രബർത്തി എന്നിവർ ഇപ്പോള്‍ സംസ്ഥാനത്ത് പ്രചരണത്തിലാണ്. വീടു കയറിയുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി മണിക് സാഹയും നേതൃത്വം നല്‍കുന്നുണ്ട്.

അതേസമയം പ്രകടനപത്രിക പുറത്തിറക്കിയ കോണ്‍ഗ്രസ് - സി പി എം പാര്‍ട്ടികള്‍ ഉടൻ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. സി പി എമ്മിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ കേന്ദ്രനേതാക്കള്‍ പ്രചാരണം നടത്തും. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിന് എത്തിയേക്കും. രാഹുല്‍ഗാന്ധി,  മല്ലികാർജ്ജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായും പ്രചാരണം നടത്തും. എന്നാല്‍ സി പി എം കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ധാരണയില്‍ മത്സരിക്കുന്ന ത്രിപുരയില്‍ സംയുക്ത പ്രചാരണമുണ്ടാകുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിന് നേതൃത്വം നല്‍കാൻ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി നാളെ ത്രിപുരയിലേക്ക് എത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios