Asianet News MalayalamAsianet News Malayalam

മുഷറഫ് 'തന്ത്രപരമായ ചിന്ത'യുള്ള നേതാവെന്ന് തരൂർ; രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

'ഒരുപാട് ജീവനുകൾ പൊലിയുകയും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും ഇന്ത്യയിൽ ഇവർക്ക് കടുത്ത ആരാധകർ ഉണ്ടാവും"

union minister rajeev chandrasekhar against shashi tharoor on his pervez musharraf statement asd
Author
First Published Feb 5, 2023, 6:08 PM IST

ദില്ലി: കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ മുഷ്റഫ് പരാമർശത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഒരു പാട് ജീവനുകൾ പൊലിയുന്നതിന് കാരണക്കാരനായിട്ടും മുഷറഫിനെ പോലുള്ളവർക്ക് ഇന്ത്യയിൽ കടുത്ത ആരാധകർ ഉണ്ടാകും എന്നാണ് തരൂരിന്‍റെ ട്വീറ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചത്. 'സമാധാനത്തിനുള്ള ശക്തി' ആവാനും 'തന്ത്രപരമായ ചിന്ത' വികസിപ്പിക്കാനും സ്വേച്ഛാധിപതിമാരായ പാക് ജനറൽമാർക്ക് സൈനിക അടിച്ചമർത്തൽ മാത്രമാണ് വഴിയെന്നും ഒരുപാട് ജീവനുകൾ പൊലിയുകയും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും ഇന്ത്യയിൽ ഇവർക്ക് കടുത്ത ആരാധകർ ഉണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖർ ട്വീറ്റിലൂടെ പറഞ്ഞു.

പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫിന്‍റെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ശശി തരൂർ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. മുൻ പാകിസ്ഥാൻ പ്രസിഡന്‍റായ പർവേസ് മുഷറഫ് അപൂർവ രോഗത്താൽ മരിച്ചു എന്ന് കുറിച്ച തരൂർ, ഒരിക്കൽ ഇന്ത്യയുടെ അചഞ്ചലമായ ശത്രുവായിരുന്ന അദ്ദേഹം 2002-2007 സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായി എന്നും പറഞ്ഞിരുന്നു. ആ സമയത്ത് മുഷറഫിനെ കണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചും തരൂ‍ർ ട്വിറ്ററിൽ കുറിച്ചിരുന്നു. തന്ത്രപരമായ ചിന്തയുള്ള നേതാവായിരുന്നു മുഷറഫെന്നും മിടുക്കുള്ള നേതാവായിരുന്നെന്നുമാണ് തരൂർ കുറിച്ചത്.

പാക്കിസ്ഥാനിൽ വൻ സ്ഫോടനം, ഒരു മരണം, നിരവധിപേർക്ക് പരിക്ക്; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‍രികെ താലിബാൻ 

അതേസമയം ഇന്ന് രാവിലെയാണ് പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചത്. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു മുഷറഫിന്‍റെ അന്ത്യം സംഭവിച്ചതെന്ന് പാക്ക് മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് പാകിസ്ഥാൻ സർക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡന്‍റ് ആയിരുന്നു മുഷറഫ്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ മുഷറവിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം. കാർഗിൽ യുദ്ധ കാലത്ത് പാക് സൈനിക മേധാവിയായിരുന്നു മുഷറഫ്, പിന്നീട് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്. 

Follow Us:
Download App:
  • android
  • ios