ദില്ലി: കൊവിഡ് 19നുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ് സർക്കാരുകളും ആരോ​ഗ്യ പ്രവർത്തകരും. ഈ അവസരത്തിൽ ഒരു പെണ്‍കുട്ടി തന്റെ അച്ഛന് അയയ്ക്കുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്റെ അച്ഛനോട്  ഇപ്പോള്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്നും എവിടെയാണോ അദ്ദേഹം ഉള്ളത് അവിടെ തന്നെ തുടരണമെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നത്. 

കൊവിഡിനെതിരെയുള്ള ഈ ബോധവത്കരണ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഒരു ചെറിയ പെണ്‍കുട്ടി അവളുടെ അച്ഛന് അയച്ച സന്ദേശം, കാണുക' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. #IndiaFightsCorona എന്ന ഹാഷ്ടാഗും ട്വിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

"പ്രിയ പപ്പാ, ഞാൻ നിങ്ങളെ മിസ് ചെയ്യുന്നില്ല, ഇനി അത് അമ്മയാണെങ്കിലും. തിരക്കിട്ട് വീട്ടിലേക്ക് വരേണ്ടതില്ല. ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക. ഒരുപക്ഷേ പപ്പ പുറത്തോട്ട് ഇറങ്ങുകയാണെങ്കിൽ കൊറോണ വിജയിക്കും. നമുക്ക് കൊറോണയെ തുരത്തണം അല്ലേ പപ്പാ? സുഹൃത്തുക്കളേ, മാതാപിതാക്കളുടെ മേല്‍ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കൊറോണയ്ക്കെതിരെ മികച്ച യോദ്ധാക്കളാകുക "എന്നിങ്ങനെയാണ് വീഡിയോയിലെ സന്ദേശം. എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് പെണ്‍കുട്ടിയുടെ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.